ബലാത്സംഗ കേസിൽ ആശാറാം ബാപ്പുവിന് ജീവപര്യന്തം
text_fieldsജയ്പുർ: 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ആൾദൈവം ആശാറാം ബാപ്പുവിന് മരണം വെര ജീവപര്യന്തം തടവ്. വൻ സ്വാധീനശേഷിയുള്ള ആത്മീയസാമ്രാജ്യത്തിനുടമയായ 77കാരൻ ആശാറാം വിധിയറിഞ്ഞ് ജയിലിൽ കുഴഞ്ഞുവീണു. അന്വേഷണസംവിധാനത്തെ വിലക്കെടുത്തും സാക്ഷികളെ കൊലപ്പെടുത്തിയും കേസ് അട്ടിമറിക്കാൻ നടത്തിയ ഗൂഢനീക്കങ്ങൾക്കൊടുവിലാണ് വിധി. 2013 ആഗസ്റ്റ് 31 മുതൽ ആൾദൈവം ജയിലിലാണ്.
കൂട്ടുപ്രതികളായ ശിൽപി ശർമ, ശരത് എന്നിവർക്ക് 20 വർഷം തടവുണ്ട്. ആശാറാമിന് ലക്ഷം രൂപ പിഴയും വിധിച്ചു. ആശ്രമത്തിലെ പാചകക്കാരൻ പ്രകാശ്, ശിവ എന്നിവരെ വെറുതെവിട്ടു. രാജസ്ഥാനിലെ ജോധ്പുരിൽ പട്ടികവിഭാഗക്കാരുടെ േകസ് പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി മധുസൂദൻ ശർമ, ആൾദൈവം തടവിൽ കഴിയുന്ന ജോധ്പുർ സെൻട്രൽ ജയിലിലാണ് വിധി പ്രസ്താവിച്ചത്. അനുയായികളുടെ അക്രമസാധ്യത കണക്കിലെടുത്താണ് ജയിലിൽ വിധി പ്രഖ്യാപിക്കാൻ രാജസ്ഥാൻ ഹൈകോടതി അനുമതി നൽകിയത്.
2013 ആഗസ്റ്റ് 15ന് രാത്രി ഉത്തർപ്രദേശിലെ സഹാറൻപുർ സ്വദേശിനിയായ പെൺകുട്ടിയെ ജോധ്പുരിനുസമീപമുള്ള മനായ് ആശ്രമത്തിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. മധ്യപ്രദേശിലെ ചിൻദ്വാരയിലുള്ള ആശാറാമിെൻറ ആശ്രമത്തിൽ പഠിക്കുകയായിരുന്നു പെൺകുട്ടി. മാതാപിതാക്കൾ ആശാറാമിെൻറ ഭക്തരായിരുന്നു. പെൺകുട്ടിയുടെ മേൽ പിശാച് കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാമെന്നും വിശ്വസിപ്പിച്ചാണ് ആശ്രമത്തിലെത്തിച്ചത്. തുടർന്ന് ആശാറാം ഒരു മണിക്കൂർ പീഡിപ്പിെച്ചന്നാണ് പെൺകുട്ടിയുടെ പരാതി. ‘പോക്േസാ’, ബാലനീതി നിയമം, പട്ടികജാതി-വർഗ(അതിക്രമം തടയൽ) നിയമം എന്നിവയിലെ വകുപ്പനുസരിച്ചാണ് കുറ്റം ചുമത്തിയത്.
സാക്ഷികളിൽ ഒമ്പതുപേർ ആക്രമിക്കപ്പെടുകയും മൂന്നുപേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തു. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കുപോലും വധഭീഷണിയുണ്ടായി. ആശാറാമിെൻറ 12 ജാമ്യാപേക്ഷയിൽ ആറെണ്ണം വിചാരണകോടതിയും മൂന്നെണ്ണം വീതം രാജസ്ഥാൻ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. മുതിർന്ന അഭിഭാഷകരായ രാം ജത്മലാനി, സൽമാൻ ഖുർശിദ്, സോളി സൊറാബ്ജി എന്നിവർ വിവിധ ഘട്ടങ്ങളിൽ ആശ്രമത്തിനുവേണ്ടി ഹാജരായി. ഇഴഞ്ഞുനീങ്ങിയ കേസിന് കഴിഞ്ഞവർഷം സുപ്രീംകോടതി ഇടപെടലിനെതുടർന്നാണ് വേഗമേറിയത്. ബാലികമാർക്കെതിരായ ലൈംഗിക പീഡനങ്ങൾക്കെതിരെ രാജ്യമൊട്ടാകെ രോഷം ശക്തമാകുകയും പുതിയ നിയമനിർമാണമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ശ്രദ്ധേയ വിധി.
വിധി പ്രഖ്യാപനത്തിെൻറ വെളിച്ചത്തിൽ രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരുന്നു. ഡൽഹിയിലെ ആശ്രമവും പരിസരവും കനത്ത സുരക്ഷാവലയത്തിലായിരുന്നു. ദേര സച്ചാ സൗദ തലവൻ ഗുർമീത് സിങ്ങിെനതിരായ വിധിപ്രഖ്യാപനത്തെതുടർന്നുണ്ടായ അക്രമം ആവർത്തിച്ചേക്കുമെന്ന ആശങ്കയെതുടർന്നായിരുന്നു മുൻകരുതൽ.
ഗുജറാത്തിലെ സൂറത്തിൽ സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ചതിന് ആശാറാമിനും മകൻ നാരായൺ സായിക്കുമെതിരെ മറ്റൊരു കേസുണ്ട്. ഇതിെൻറ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അഞ്ച് ആഴ്ചയാണ് അനുവദിച്ചിരിക്കുന്നത്. ‘‘ഇത് ചരിത്രവിധിയാണ്. നിയമം നിഷ്പക്ഷമായാൽ സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്കുപോലും ഏറ്റവും ഉന്നതരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും നീതി നേടിയെടുക്കാനും കഴിയും’’- അന്വേഷണത്തിന് നേതൃത്വം നൽകിയ അജയ്പാൽ ലാംബ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
