അസം സ്ഫോടന പരമ്പര: എൻ.ഡി.എഫ്.ബി തലവൻ ഉൾപ്പെടെ 10 പേർക്ക് ജീവപര്യന്തം
text_fieldsഗുവാഹതി: അസമിലെ സ്ഫോടനപരമ്പര കേസിൽ നാഷനൽ ഡെമോക്രാറ്റിക് ഫ്രൻഡ് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി) തലവൻ രഞ്ജൻ ഡൈമരി ഉൾപ്പെടെ 10 പേർക്ക് സി.ബി.െഎ അതിവേഗ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2008 ഒക്ടോബർ 30ന് ഗുവാഹതി, കൊക്രജാർ, ബൊൻഗയ്ഗാവ്, ബാർപെട്ട എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 88 പേർ കൊല്ലപ്പെടുകയും 540 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ജോർജ് ബോഡോ, ബി. തറായി, രാജു സർക്കാർ, അഞ്ജായി ബോഡോ, ഇന്ദ്രബ്രഹ്മ, ലോേകാ ബസുമത്രി, കാർഗേശ്വർ ബസുമത്രി, അജയ് ബസുമത്രി, രാജേൻ ഗോയരി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. കനത്ത സുരക്ഷക്കിടെയാണ് സി.ബി.െഎ പ്രത്യേക ജഡ്ജി അപരേഷ് ചക്രബർത്തി വിധിപ്രഖ്യാപിച്ചത്. മറ്റ് പ്രതികളായ പ്രഭാത് ബോഡോ, ജയന്തി ബസുമത്രി, മധുര ബ്രഹ്മ എന്നിവരെ പിഴ ഇൗടാക്കി വിട്ടയക്കാനും കോടതി വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയതിനാൽ നീലിം ഡൈമരി, മൃദുൽ ഗോയരി എന്നിവരെ വിട്ടയക്കും.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ രഞ്ജൻ ഡൈമരി പറഞ്ഞു. കോടതി പരിസത്ത് തടിച്ചുകൂടിയ ഇദ്ദേഹത്തിെൻറ അനുയായികൾ പ്രത്യേക ബോഡോലാൻഡ് വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. കേസിൽ 15 പ്രതികൾ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. അസം പൊലീസിൽനിന്ന് സി.ബി.െഎ ഏറ്റെടുത്ത കേസിൽ 22 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഏഴുപേർ ഇപ്പോഴും ഒളിവിലാണ്.
2011ൽ വിചാരണ തുടങ്ങിയ കേസ് 2017ലാണ് അതിവേഗ കോടതിയിലേക്ക് മാറ്റിയത്. ഡൈമരിയെ 2010ൽ ബംഗ്ലാദേശിൽനിന്നാണ് അറസ്റ്റ്ചെയ്തത്. ഗുവാഹതി സെൻട്രൽ ജയിലിലായിരുന്ന ഡൈമരിയെ 2013ൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു.
