പാകിസ്താന് ഇസ്‍ലാം എന്താണെന്ന് അറിയില്ല; പരാജയപ്പെട്ട രാജ്യം -അസദുദ്ദീൻ ഉവൈസി
text_fieldsന്യൂഡൽഹി: പാകിസ്താനെതിരെ വീണ്ടും വിമർശനം ഉന്നയിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. പാകിസ്താന് ഇസ്‍ലാം എന്താണെന്ന് അറിയില്ലെന്നും പരാജയപ്പെട്ട രാജ്യമാണ് അതെന്നും ഉവൈസി പറഞ്ഞു. പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ പ്രതികരണത്തിന് മറുപടി നൽകുകയായിരുന്നു ഉവൈസി.
1947ൽ ഞങ്ങൾ ഇന്ത്യ വിടില്ലെന്ന സന്ദേശം നിങ്ങൾക്ക് നൽകിയതാണ്. മുഹമ്മദലി ജിന്നയുടെ സന്ദേശം ഞങ്ങൾ നിഷേധിച്ചതാണ്. പാകിസ്താനിൽ വിഡ്ഢിത്തം പറയുന്നവർക്ക് ഇസ്‍ലാം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താൻ ദരിദ്ര രാജ്യമാണ്. അവർക്ക് അഫ്ഗാനിസ്താനുമായും ഇറാനുമായും അതിർത്തി തർക്കങ്ങളുണ്ട്. പാകിസ്താൻ പരാജയപ്പെട്ട രാജ്യമാണെന്നും ഉവൈസി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഉവൈസി രംഗത്തെത്തിയിരുന്നു.
പാകിസ്താനുള്ള വെള്ളം തടഞ്ഞാൽ നദിയിലൂടെ രക്തമൊഴുകുമെന്ന് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവനക്കെതിരെ അസദുദ്ദീൻ ഉവൈസി രംഗത്തെത്തിയിരുന്നു. അമ്മ ബേനസീർ ഭൂട്ടോ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് ബിലാവൽ ഓർക്കണമെന്ന് ഉവൈസി പറഞ്ഞു.
രാഷ്ട്രീയത്തിൽ ബിലാവൽ പുതുമുഖമാണ്. ആരാണ് അമ്മയെ കൊന്നതെന്ന് ബിലാവൽ ചിന്തിക്കണം. ഭീകരരവാദമാണ് അവരെ കൊലപ്പെടുത്തിയത്. അത് ബിലാവലിന് അറിയില്ലായിരിക്കും. അതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നത്. പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവൽ മനസിലാക്കണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

