ധൈര്യമായി ശ്രമിക്കൂ, നാലു മക്കളെ പ്രസവിക്കുന്നതിൽ നിന്ന് നിങ്ങളെ ആരും തടയില്ല; ബി.ജെ.പി വനിത നേതാവിനോട് ഉവൈസി
text_fieldsഹൈദരാബാദ്: രാജ്യത്തെ ഹിന്ദുക്കൾക്ക് നാലു കുട്ടികൾ വീതം വേണമെന്ന ബി.ജെ.പി നേതാവ് നവനീത് കൗർ റാണക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഉവൈസി. തനിക്ക് ആറു മക്കളുണ്ട്. നാല് കുട്ടികൾക്ക് ജൻമം നൽകുന്നതിൽ നിന്ന് നിങ്ങളെ ആരാണ് തടയുന്നതെന്നും നവനീത് കൗറിനോട് ഉവൈസി ചോദിച്ചു.
മഹാരാഷ്ട്രയിൽ രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമില്ല. തെലങ്കാനയിലും ഈ നിയമമുണ്ടായിരുന്നു. പിന്നീട് അത് ഒഴിവാക്കിയെന്നും ഉവൈസി പറഞ്ഞു. അത് കൊണ്ട് ധൈര്യമായി ശ്രമിച്ചോളൂ. ആരും നിങ്ങളെ തടയില്ല. ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു മൂന്നിൽ കൂടുതൽ കുട്ടികളെ കുറിച്ച് സംസാരിച്ചതിനെ കുറിച്ചും ഉവൈസി ഓർമിപ്പിച്ചു.
രാജ്യത്തെ ജനസംഖ്യ ഘടന പാകിസ്താനിലേതിന് തുല്യമാകാതിരിക്കാൻ ഹിന്ദുക്കളെല്ലാവരും കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെ എങ്കിലും പ്രസവിക്കണം എന്നായിരുന്നു മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവായ നവനീത് കൗർ റാണയുടെ ആഹ്വാനം. മൗലാനമാർക്ക് നാലു ഭാര്യമാരും 19 കുട്ടികളുമുണ്ട്. അവർ ഇന്ത്യയെ പാകിസ്താനാക്കാൻ നോക്കുകയാണെന്നും അവർ ആരോപിച്ചിരുന്നു.
പിന്നെ എന്തിന് നമ്മൾ ഒരു കുട്ടി കൊണ്ട് തൃപ്തിപ്പെടണം. നമ്മൾ മൂന്നോ നാലോ കുട്ടികൾക്ക് ജൻമം നൽകണം. എല്ലാ ഹിന്ദു സഹോദരൻമാരോടും സഹോദരിമാരോടും പറയാനുള്ളത് ഇതാണ്. നമുക്ക് കുറഞ്ഞത് മൂന്നോ നാലോ കുട്ടികളെങ്കിലും വേണം. അത് അത്യാവശ്യമാണ്-കൗർ കൂട്ടിച്ചേർത്തു. കൗറിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഇത്തരം ഭ്രാന്തൻ ചിന്തകൾ അവസാനിപ്പിക്കണമെന്നാണ് കോൺഗ്രസ് എം.പി മാണിക്കം ടാഗോറിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

