‘രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ല, എന്‍റെ മനസാക്ഷി അതിന് അനുവദിക്കില്ല’; ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരത്തിനെതിരെ ഉവൈസി
text_fieldsന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. രക്തവും വെള്ളവും ഒന്നിച്ചൊഴുകില്ലെന്നും ഇന്ത്യ-പാക് മത്സരം കാണാൻ തന്‍റെ മനസാക്ഷി അനുവദിക്കില്ലെന്നും ഉവൈസി പറഞ്ഞു. ലോക്സഭയിൽ ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് ഉവൈസിയുടെ വിമർശനം.
ഏഷ്യ കപ്പ് ക്രിക്കറ്റിന്‍റെ മത്സരക്രമം കഴിഞ്ഞദിവസാണ് പുറത്തുവന്നത്. സെപ്റ്റംബർ 14ന് ഗ്രൂപ്പ് റൗണ്ടിലാണ് ക്രിക്കറ്റ് ലോകത്തെ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മത്സരത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തുവന്നിരുന്നു. ‘ബൈസാരൻ താഴ്വരയിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ഇന്ത്യ-പാകിസ്താൻ മത്സരം കാണണമെന്ന് പറയാൻ നിങ്ങളുടെ മനസാക്ഷി അനുവദിക്കുമോ? പാകിസ്താനിലേക്കുള്ള 80 ശതമാനം ജലവും നമ്മൾ തടഞ്ഞുവെച്ചു. രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല. നിങ്ങൾ ക്രിക്കറ്റ് കളിക്കുമോ? ആ മത്സരം കാണാൻ എന്‍റെ മനസാക്ഷി അനുവദിക്കില്ല’ -ഹൈദരാബാദ് എം.പി ഉവൈസി ലോക്സഭയിൽ പറഞ്ഞു.
ലോക്സഭയിൽ ഓപറേഷൻ സിന്ദൂറിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് പ്രത്യേക ചർച്ചക്ക് തുടക്കമിട്ടത്. പഹൽഗാമിൽ ഭീകരാക്രമണത്തിൽ മരിച്ച 25 പേരുടെ കുടുംബങ്ങളെയും വിളിച്ച് ഓപറേഷൻ സിന്ദൂറിലൂടെ ഞങ്ങൾ പ്രതികാരം ചെയ്തുവെന്ന് പറയാൻ സർക്കാറിന് ധൈര്യമുണ്ടോയെന്നും നിങ്ങൾ പാകിസ്താൻ മത്സരം കാണുമോ എന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചയും തീവ്രവാദവും ഒന്നിച്ച് പോകില്ലെന്നും രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. പഹൽഗാമിലെ സുരക്ഷ വീഴ്ചയിൽ നടപടി വേണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എന്നിവർ ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഇന്ന് ചർച്ച തുടങ്ങും. എട്ടു രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്‍റ് സെപ്റ്റംബർ ഒമ്പതിനാണ് ആരംഭിക്കുന്നത്. രണ്ടു ടീമുകളും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വീണ്ടും ഒരു ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും. ഇരുടീമുകളും ഫൈനലിലെത്തിയാലും ടൂർണമെന്‍റിൽ മൂന്നാമതും ഇന്ത്യ-പാക് മത്സരം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

