പാക് സൈനിക മേധാവിക്കൊപ്പം ഭീകരർ ഇരിക്കുന്നു; പാകിസ്താന്റെ തീവ്രവാദത്തിന് വ്യക്തമായ തെളിവുണ്ടെന്ന് ഉവൈസി
text_fieldsഅസദുദ്ദീൻ ഉവൈസി
ന്യൂഡൽഹി: തീവ്രവാദത്തിൽ പാകിസ്താന്റെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്ന് ആൾ ഇന്ത്യ മജിലിസെ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. യു.എസ് ഭീകരനായി പ്രഖ്യാപിച്ചയാൾക്കൊപ്പം പാക് സൈനിക മേധാവി അസീം മുനീർ വേദി പങ്കിട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
ഇത് തെളിയിക്കാനായി ഒരു ചിത്രവും ഉവൈസി പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഭീകരനായ മുഹമ്മദ് ഇഹ്സാനൊപ്പമാണ് പാക് സൈനിക മേധാവി പ്രത്യക്ഷപ്പെട്ടത്. ഇതിന് തെളിവായി അസീം മുനീർ ഇയാൾക്ക് ഷേക്ക് ഹാൻഡ് നൽകുന്ന ചിത്രങ്ങളുണ്ടെന്നും ഉവൈസി പറഞ്ഞു.
ഇന്ത്യയെ അസ്ഥിരപ്പെടുത്തുക ഇവിടെ ഹിന്ദു-മുസ്‍ലിം സംഘർഷങ്ങൾ ഉണ്ടാക്കുക എന്നതുമാണ് പാകിസ്താന്റെ ലക്ഷ്യം. മുംബൈ ഭീകരാക്രമണ കേസ് പ്രതി സാജിദ് മിറിന് അനുകൂലമായി പാകിസ്താൻ നുണ പറയുകയാണെന്നു അദ്ദേഹം പറഞ്ഞു. ജർമ്മനിയിൽ വെച്ച് നടന്ന ഒരു യോഗത്തിൽ സാജിദ് മിറിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
എന്നാൽ, അയാൾ ജീവിച്ചിരിക്കുന്നില്ലെന്നാണ് പാകിസ്താൻ അറിയിച്ചത്. പിന്നീട് നടന്ന എഫ്.എ.ടി.എഫ് യോഗത്തിൽ മിർ ജീവിച്ചിരിക്കുന്നുണ്ടെന്നും പാകിസ്താൻ വ്യക്തമാക്കി. ഇതോടെ മിർ മരിച്ചെന്ന് പാകിസ്താൻ ഇന്ത്യയോട് പറഞ്ഞത് കളവാണെന്ന് വ്യക്തമായതായും ഉവൈസി പറഞ്ഞു.
മിറിനെ പല ഇന്ത്യൻ കോടതികളും ശിക്ഷിച്ചിട്ടുണ്ട്. എന്നിട്ടും അയാൾ സ്വതന്ത്രനായി നടക്കുകയാണ്. പത്താൻകോട്ട് ആക്രമണമുണ്ടായപ്പോൾ പാകിസ്താനിൽ പോയി ഭീകരാക്രമണത്തിൽ പാക് പങ്കിനെ കുറിച്ചുള്ള തെളിവുകൾ നൽകാമെന്ന് മോദി അറിയിച്ചതാണ്. എന്നിട്ടും തെളിവുകൾ സ്വീകരിക്കാൻ പാകിസ്താൻ തയാറായില്ലെന്നും ഉവൈസി ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

