ഹൈദരാബാദ്: ഉത്തർപ്രദേശ് സർക്കാറിന്‍റെ ജനസംഖ്യ നിയന്ത്രണ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി ഒാൾ ഇന്ത്യ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമിൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. രാജ്യത്ത് കോവിഡ് നേരിടുന്നതിലെ കെടുകാര്യസ്ഥത മൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർ തൊഴിൽ നഷ്ടവും കച്ചവട നഷ്ടവും അഭിമുഖീകരിക്കുന്നു. എന്നാൽ, ഉത്തർപ്രദേശ് സർക്കാർ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് സംസാരിക്കുന്ന തിരക്കിലാണെന്ന് ഉവൈസി കുറ്റപ്പെടുത്തി.
അസമിന് പിന്നാലെയാണ് ജനസംഖ്യാ നിയന്ത്രണത്തിനുള്ള കരട് ബിൽ ഉത്തർപ്രദേശ് സർക്കാർ പുറത്തിറക്കിയത്. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യാ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നതുമാണ് ജനസംഖ്യ ബിൽ.
രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ സബ്സിഡിയോ ക്ഷേമപദ്ധതി ആനുകൂല്യങ്ങളോ ലഭിക്കില്ല. സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്ക് സ്ഥാനകയറ്റം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. കുടുംബത്തിന്‍റെ റേഷൻ കാർഡിൽ നാലംഗങ്ങളെ മാത്രമേ ഉൾപ്പെടുത്തൂ.
എന്നാൽ, രണ്ടുകുട്ടികൾ എന്ന മാനദണ്ഡം പിന്തുടരുന്നവർക്ക് മിതമായി പലിശയിൽ വീട് വാങ്ങുന്നതിനും നിർമിക്കുന്നതും വായ്പ അനുവദിക്കും. കൂടാതെ വെള്ളം, വൈദ്യുതി, വീട്ടുനികുതി എന്നിവയിൽ ഇളവും ലഭിക്കും.