തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരനും കോടതി വാറണ്ട് പുറപ്പെടുവിച്ചവനും ട്രംപിന്റെ നൊബേലിന് വേണ്ടി ശിപാർശ ചെയ്യുന്നു - ഉവൈസി
text_fieldsഹൈദരാബാദ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനേയും പാക് സൈനിക മേധാവി അസീം മുനിറിനേയും വിമർശിച്ച് ആൾ ഇന്ത്യ മജിലിസെ-ഇത്തിഹാദുൽ മുസ്‍ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നോബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തതിലാണ് വിമർശനം. ട്രംപിന് നൊബേൽ നൽകണമെന്നാണ് അസീം മുനീറിന്റേയും നെതന്യാഹുവിന്റേയും ആവശ്യം.
ഇതിൽ മുനീർ തീവ്രവാദത്തിന്റെ മൊത്തക്കച്ചവടക്കാരനാണ്. നെതന്യാഹുവിന് ക്രിമിനൽ കോടതിയിൽ നിന്ന് വാറണ്ട് ലഭിച്ചിട്ടുണ്ട്. നെതന്യാഹു വംശഹത്യ നടത്തിയെന്ന് ക്രിമിനൽ കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ രണ്ട് പേരിൽ ഒരാൾ ആളുകളെ കൊല്ലാൻ സയണിസം ഉപയോഗിക്കുന്നു മറ്റൊരാൾ തക്ഫിറിസം ഉപയോഗിക്കുന്നു. രണ്ടിനും പിന്തുണ നൽകുന്നത് യു.എസാണ്.
ഡോണൾഡ് ട്രംപിനെ സമാധാന നൊബേലിനായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ശിപാർശ ചെയ്തിരുന്നു. നാമനിർദേശത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടെ നെതന്യാഹു ട്രംപിന് കൈമാറി. അദ്ദേഹം ഒന്നിനെ പിറകെ ഒന്നായി ഒരു മേഖലയിലെ രാജ്യങ്ങളിൽ സമാധാനം കെട്ടിപ്പടുക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
നൊബേൽ കമ്മിറ്റിക്ക് മുന്നാകെ താങ്കളെ നാമനിർദേശം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്നും നെതന്യാഹു പറഞ്ഞു. സമാധാന നൊബേലിന് ശിപാർശ ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. വളരെ അർഥപൂർണമായ നടപടിയാണ് നെതന്യാഹുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇസ്രായേലികൾക്ക് വേണ്ടി മാത്രമല്ല ജൂതജനതക്കും ലോകത്തെ എല്ലാവിഭാഗം ആളുകൾക്കും വേണ്ടി താങ്കളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

