വഖഫ് ഭേദഗതി ബില്ലിനെതിരെ അസദുദ്ദീൻ ഉവൈസി സുപ്രീംകോടതിയിൽ
text_fieldsഹൈദരാബാദ്: ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദ് മുസ്‍ലിമീൻ എം.പി അസദുദ്ദീൻ ഉവൈസി. മുസ്‍ലിം സമുദായത്തിന്റെയും മുസ്‍ലിംകളുടെയും മൗലികാവകാശങ്ങൾ ധിക്കാര പൂർവം ലംഘിക്കുന്നതാണ് വഖഫ് ബില്ലെന്ന് ഉവൈസി ആരോപിച്ചു. വിവാദ ബില്ലിന്റെ സാധുത ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി മുഹമ്മദ് ജാവേദും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.
വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ ഏകപക്ഷീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബില്ല് ഭരണഘടന വ്യവസ്ഥകൾ ലംഘിക്കുകയാണെന്നും അതുവഴി മുസ്‍ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയാണെന്നും ജാവേദ് ഹരജിയിൽ വാദിച്ചു. വഖഫ് ബില്ലിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും രംഗത്തുവന്നിരുന്നു. ലോക്സഭയിൽ വഖഫ് ബില്ലിനെ ഉവൈസി ശക്തമായി എതിർത്തിരുന്നു. മുസ്‍ലിംകളുടെ വിശ്വാസത്തിനും മതപരമായ ആചാരങ്ങൾക്കും നേരെയുള്ള ആക്രമണം എന്നാണ് ഉവൈസി വഖഫ് ബില്ലിനെ വിശേഷിപ്പിച്ചത്. വിയോജിപ്പിനൊടുവിൽ ഉവൈസി പ്രതീകാത്മകമായി ബില്ലിന്റെ പകർപ്പ് കീറിയെറിയുകയും ചെയ്തു.
ഹിന്ദുക്കൾക്കും, സിഖുകാർക്കും, ജൈനന്മാർക്കും, ബുദ്ധമതക്കാർക്കും അവരുടെ മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യാനുള്ള അവകാശം നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് മുസ്ലീങ്ങൾക്ക് ആ അവകാശം നിഷേധിക്കുന്നതെന്ന് ചോദിച്ച ഉവൈസി ഇത് ആർട്ടിക്കിൾ 26ന്റെ ഗുരുതരമായ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
95നെതിരെ 128 വോട്ടുകൾക്കാണ് വഖഫ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. 12 മണിക്കൂർ നീണ്ട ചൂടേറിയ വാഗ്വാദങ്ങൾക്കൊടുവിൽ 288 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് രാജ്യസഭയിൽ പാസാക്കിയത്. 232 അംഗങ്ങൾ ബില്ലിനെ എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

