രാജിവെച്ച ബി.ജെ.പി എം.എൽ.എയെ സമാജ് വാദി പാർട്ടിയിൽ ചേർക്കാൻ തട്ടിക്കൊണ്ടുപോയെന്ന് മകൾ, ഇല്ലെന്ന് എം.എൽ.എ
text_fieldsഎം.എൽ.എ വിനയ് ശാക്യ
ലഖ്നോ: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നാടകങ്ങൾ അരങ്ങ് തകർക്കുന്ന ഉത്തർപ്രദേശിൽ ഒരു 'തട്ടിക്കൊണ്ടുപോകലും' പിന്നെ 'ട്വിസ്റ്റും'. കഴിഞ്ഞ ദിവസം ബി.ജെ.പിയിൽനിന്ന് രാജിവെച്ച എം.എൽ.എയെ അദ്ദേഹത്തിന്റെ സഹോദരൻ തട്ടിക്കൊണ്ടുപോയി സമാജ് വാദി പാർട്ടിയിൽ ചേർത്തതാണെന്ന് ആരോപിച്ച് മകൾ രംഗത്തെത്തി. പിന്നാലെ, ഈ ആരോപണം നിഷേധിച്ച് എം.എൽ.എയും രംഗത്തെത്തി.
ഉത്തർപ്രദേശിലെ ബിധുനാ മണ്ഡലത്തിലെ എം.എൽ.എ വിനയ് ശാക്യയെ തട്ടിക്കൊണ്ടുപോയെന്നാണ് മകൾ റിയ ശാക്യ ആരോപിച്ചത്. വിനയ് ശാക്യയെ സമാജ് വാദി പാർട്ടി നേതാവായ സഹോദരൻ ദേവേഷ് ശാക്യ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിയയുടെ ആരോപണം. ഈ ആരോപണമുന്നയിച്ച് റിയ പുറത്തുവിട്ട വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് മകളുടെ ആരോപണം നിഷേധിച്ച് വിനയ് ശാക്യ രംഗത്തെത്തിയത്.
മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്നു വർഷമായി എറ്റവായിലെ വീട്ടിൽ കിടപ്പിലാണ് വിനയ്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള അദ്ദേഹം കിടക്കയിൽ കിടന്നുകൊണ്ട് വാർത്താസമ്മേളനം വിളിച്ചാണ് മകളുടെ ആരോപണങ്ങൾ നിഷേധിച്ചത്. 'എന്റെ മകളുടെ ആരോപണങ്ങൾ വസ്തുത വിരുദ്ധമാണ്' എന്ന് എഴുതി തയ്യാറാക്കിയ കുറിപ്പ് വിനയ് മാധ്യമ പ്രവർത്തകർക്ക് കൈമാറി. മകളെ ഈ ആരോപണത്തിന് പ്രേരിപ്പിച്ചതെന്താണെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കഴിഞ്ഞദിവസം രാജിവെച്ച മുൻ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് വിനയ് ശാക്യയും ദേവേഷും.
" വിനയ് ശാക്യയുടെ മകൾ റിയയാണ് ഞാൻ. എൻ്റെ പിതാവിന് 2018 മേയ് ഒന്നിന് മസ്തിഷ്കാഘാതം സംഭവിച്ചിരുന്നു. അദ്ദേഹത്തിന് എല്ലാ ചികിത്സാ സഹായങ്ങളും അന്ന് നൽകിയത് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. ഞങ്ങൾ ബിജെപി പ്രവർത്തകരാണ്. എല്ലാ കാലത്തും ബിജെപിക്കൊപ്പം ഉറച്ചുനിൽക്കും. അച്ഛനെ അദ്ദേഹത്തിൻ്റെ അമ്മയും സഹോദരൻ ദേവേഷും ഞങ്ങളുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി സമാജ് വാദി പാർട്ടിയിൽ ചേർത്തിരിക്കുകയാണ്. അദ്ദേഹത്തെ തിരികെ ലഭിക്കാൻ സർക്കാർ ഞങ്ങളെ സഹായിക്കണം" -വീഡിയോ സന്ദേശത്തിൽ റിയ പറഞ്ഞു.
വിനയ് ശാക്യയുടെ അമ്മ ദ്രൗപതി ദേവിയും സഹോദര ഭാര്യയും റിയയുടെ ആരോപണം നിഷേധിച്ചിട്ടുണ്ട്. ആരുടേയോ സമ്മർദത്തിലാണ് റിയ ആരോപണം ഉന്നയിച്ചതെന്ന് ഇവർ പറയുന്നു. റിയയുടെ ആരോപണം കള്ളമാണെന്ന് വിശദീകരിച്ച് എറ്റവാ ജില്ലാ പോലീസ് മേധാവിയും രംഗത്തെത്തി.
വിനയ് ശാക്യ കിടപ്പിലായതോടെ വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു റിയയെന്നാണ് സൂചന.. ഇതിനിടെയാണ് വിനയ് പാർട്ടി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

