ക്ഷാമം രൂക്ഷം; കൽക്കരി എത്തിക്കുന്നത് സുഗമമാക്കാൻ രാജ്യത്ത് 657 ട്രെയിനുകൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധി രൂക്ഷമായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്‌സ്‌പ്രസ്, പാസഞ്ചർ എന്നിവയടക്കം രാജ്യത്തെ 657 ട്രെയിൻ ട്രിപ്പുകൾ റദ്ദാക്കി. ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി കൽക്കരി ട്രയിനുകളുടെ യാത്ര സുഗമമാക്കാനാണ് ഇത്രയും ട്രെയിനുകൾ റദ്ദാക്കിയത്.
509 മെയിൽ/എക്സ്പ്രസ് 148 മെമു സർവിസുകളുമാണ് റദ്ദാക്കിയത്. നേരത്തെ 42 പാസഞ്ചർ ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് ഇത്തരം നടപടി. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്.
വേഗത്തിൽ കൽക്കരി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. ട്രെയിനുകൾ നിർത്തലാക്കിയത് താൽക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുമെന്നും ഇന്ത്യൻ റെയിൽവേ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗൗരവ് ക്രിഷ്ണ ബൻസാൽ അറിയിച്ചു.
താപനിലയങ്ങളിൽ എട്ട് ദിവസത്തേക്കുള്ള കൽക്കരി മാത്രമാണ് അവശേഷിക്കുന്നത്. കൽക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടർന്നാൽ മെട്രോ, ആശുപത്രി സേവനങ്ങളെ ഉൾപ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സർക്കാർ നൽകുന്നു. എന്നാൽ 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

