ബാബു റാമിന് അശോകചക്ര, അൽതാഫ് ഹുസൈൻ ബട്ടിന് കീർത്തിചക്ര
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരമോന്നത സൈനിക പുരസ്കാരങ്ങൾ പ്രഖ്യപിച്ചു. ജമ്മു-കശ്മീർ പൊലീസിലെ എ.എസ്.ഐ ബാബു റാമിനാണ് മരണാനന്തര ബഹുമതിയായി അശോകചക്ര പുരസ്കാരം.
കോൺസ്റ്റബിൾ അൽത്താഫ് ഹുസൈൻ ബട്ടിന് മരണാനന്തര ബഹുമതിയായി കീർത്തിചക്ര പുരസ്കാരവും നൽകും. കശ്മീരിൽ തീവ്രവാദികള്‍ക്കെതിരായ ഏറ്റുമുട്ടലിനിടെയാണ് ഇരുവരും വീരമൃത്യു വരിച്ചത്. 15 പേർക്കാണ് ശൗര്യചക്ര പുരസ്കാരം. ക്യാപ്റ്റന്‍ അശുതോഷ് കുമാര്‍, ഒഡിഷ പൊലീസിലെ ദേബാശിഷ് സേതി, സുധീര്‍കുമാര്‍ തുഡു, ജമ്മു-കശ്മീര്‍ പൊലീസിലെ ശഹ്ബാസ് അഹ്മദ് എന്നിവർക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ശൗര്യചക്ര പുരസ്കാരം.
മേജര്‍ രാഹുല്‍ ബാലമോഹന് ബാർ ടു സേന മെഡൽ പുരസ്കാരത്തിന് അർഹനായി. മേജര്‍ അതുല്‍ ജയിംസ്, ക്യാപ്റ്റന്‍ സ്നേഹാശിഷ് പോള്‍, സുബേദാർ അനിൽ കുമാർ, സീപോയ് സംസാദ് അലി, സാപ്പര്‍ സി. ബിബിന്‍, സാപ്പര്‍ ജി. ശിവകുമാര്‍ തുടങ്ങിയവർ ധീരതക്കുള്ള സേനാ പുരസ്കാരം നേടി. ബാബു പണിക്കർ, രാജ് കൃഷ്ണ മനു എന്നിവർക്ക് ധീരതക്കുള്ള നാവികസേന മെഡലും ദീപക് മോഹനന് ധീരതക്കുള്ള വായുസേന മെഡലും ലഭിച്ചു. പാക് ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന് അനീഷ് തോമസിെൻറ പേര് പ്രത്യേക പരാമർശം നടത്തി.

