ഡൽഹിയിൽ വോട്ടെടുപ്പ് മന്ദഗതിയിൽ; സ്ത്രീകൾക്ക് ബി.ജെ.പി പണം നൽകിയെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: ത്രികോണ മത്സരം നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് മന്ദഗതിയിൽ. 70 നിയമസഭ സീറ്റുകളിലേക്ക് 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 1.59 കോടി വോട്ടർമാരാണ് ഇവരുടെ വിധി നിർണയിക്കുക. രാവിലെ 7 മണിക്ക് വോട്ടിങ് തുടങ്ങിയെങ്കിലും11മണിയായപ്പോഴും 19.9 ശതമാനമാണ് രേഖപ്പെടുത്തിയ പോളിങ്. കനത്ത സുരക്ഷയാണ് ഡൽഹിയുലുടനീളം ഒരുക്കിയിരിക്കുന്നത്.
ഡൽഹിയിൽ മൂന്നാമൂഴം തേടിയാണ് എ.എ.പി മത്സരിക്കുന്നത്. ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസും ഡൽഹി കൂടി സ്വന്തമാക്കണമെന്ന മോഹവുമായി ബി.ജെ.പിയുമാണ് രംഗത്തുള്ളത്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.
എ.എ.പിക്കെതിരെ അഴിമതിയും ഭരണകെടുകാര്യസ്ഥതയും ആരോപിച്ചായിരുന്നു ബി.ജെ.പിയുടെ പ്രചാരണം.
ഈ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും കെജ്രിവാളിന് നിർണായകമാണ്. മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ മാസങ്ങൾ നീണ്ട ജയിൽ ശിക്ഷയനുഭവിച്ച കെജ്രിവാൾ പുറത്തിറങ്ങിയശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. താൻ തെറ്റുകാരനാണോയെന്ന് ജനം വിലയിരുത്തുമെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ രാജിവെക്കുമ്പോൾ കെജ്രിവാൾ പറഞ്ഞിരുന്നത്. ജനങ്ങളുടെ വിശ്വാസം തേടിയ ശേഷം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് എ.എ.പി ദേശീയ കൺവീനർ.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവരാണ് ഡൽഹിയിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് കോൺഗ്രസിന്റെ പ്രചാരണം ഏറ്റെടുത്തത്. വാഗ്ദാനങ്ങളുടെ പെരുമഴയാണ് എ.എ.പിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനങ്ങൾക്ക് മുന്നിൽ വെച്ചത്. വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്ര, ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ഇൻഷുറൻസ് പദ്ധതി, സ്ത്രീകൾക്ക് പ്രതിമാസസഹായം എന്നിവ അതിൽ ചിലതു മാത്രം.
ഗർഭിണികൾക്ക് 21000 രൂപയുടെ സഹായം നൽകുമെന്നും ഗാർഹിക എൽ.പി.ജി സിലിണ്ടർ 500 രൂപ സബ്സിഡിയിൽ നൽകുമെന്നുമാണ് ബി.ജെ.പിയുടെ വാഗ്ദാനം.
തൊഴിലില്ലായ്മ വേതനമായി പ്രതിമാസം യുവാക്കൾക്ക് 8500 രൂപ നൽകുമെന്നാണ് കോൺഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനം. പ്രചാരണത്തിന്റെ അന്തിമഘട്ടത്തിൽ ബി.ജെ.പിയ യമുന നദിയിൽ വിഷം കലക്കിയെന്ന കെജ്രിവാളിന്റെ ആരോപണം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടെ വനിത വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പണം നൽകിയെന്നും എ.എ.പി ആരോപിക്കുകയുണ്ടായി.
2013ലാണ് കോൺഗ്രസിന്റെ പിന്തുണയോടെ എ.എ.പി ഡൽഹിയിൽ ആദ്യമായി ഭരണത്തിലെത്തിയത്. എന്നാൽ 49 ദിവസത്തിനുള്ളിൽ കെജ്രിവാൾ രാജിവെച്ചും. പിന്നീട് 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 2020ലും അധികാരം നിലനിർത്തി. രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് അക്കൗണ്ട് തുറക്കാൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

