Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യൻ ഖാന്‍റെ ജാമ്യ​പേക്ഷ തള്ളി; ആർതർ റോഡ്​ ജയിലിൽ തുടരും

text_fields
bookmark_border
ആര്യൻ ഖാന്‍റെ ജാമ്യ​പേക്ഷ തള്ളി; ആർതർ റോഡ്​ ജയിലിൽ തുടരും
cancel

ബോളിവുഡ്​ സൂപ്പർതാരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാന്​ ജാമ്യമില്ല. ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​ 24 കാരനായ ആര്യൻ ഖാൻ. കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷയും മുംബൈ പ്രത്യേക എൻ.ഡി.പി.എസ്​ കോടതി തള്ളി. ആര്യൻ ആർതർ റോഡ്​ ജയിലിൽ തുടരും.

ഒക്ടോബർ മൂന്നിന് പുലർച്ചെയാണ് മുംബൈയിൽ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാനെയും സുഹൃത്തുക്കളെയും നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ആര്യൻ ഖാനടക്കം 16 പേരെയാണ്​ എൻ.സി.ബി അന്ന്​ അറസ്റ്റ്​ ചെയ്​തത്​. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയില്‍​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എൻ.സി.ബിയുടെ പരിശോധന.

ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയിട്ടില്ലെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിന്നീട് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ ആര്യന്‍റെ വാട്സാപ്പ് ചാറ്റുകൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ബന്ധിപ്പിക്കുന്ന തെളിവുകളാണെന്നാണ് എൻ.സി.ബി വാദിച്ചത്. ഇതോടെയാണ് നേരത്തെ ആര്യന് ജാമ്യം നിഷേധിക്കപ്പെട്ടത്. ആര്യന്‍റെ സുഹൃത്തുക്കളായ അർബാസ് സേഥ്​ മർച്ചന്‍റിൽ നിന്ന് ആറ് ഗ്രാം ചരസും മുൺമുൺ ധമേച്ചയിൽ നിന്ന് അഞ്ച് ഗ്രാം ചരസും പിടികൂടിയിരുന്നു.

നേരത്തെ ജാമ്യാപേക്ഷയ്യിൽ വാദം കേട്ട കോടതി വിധി പറയുന്നത്​ ദസറ അവധി കഴിഞ്ഞുള്ള ഒക്​ടോബർ 20 ലേക്ക്​ മാറ്റിയതായിരുന്നു. 14 ന്​ വിധി പറയാതിരുന്ന ജഡ്​ജ്​ വി.വി. പാട്ടീൽ 20 ന്​ വിധി പറയാമെന്നറിയിച്ചതായിരുന്നു. വിധി പറയുന്നത്​ നീട്ടിവെച്ച കോടതി നടപടിക്കെതിരെ ബോളിവുഡ്​ താരങ്ങളടക്കം വിമർശനമുയർത്തിയിരുന്നു.

ഇന്ന്​ രാവിലെ മുതൽ ആര്യന്‍റെ ജാമ്യാപേക്ഷയിലെ തീർപ്പറിയാൻ ബോളിവുഡ്​ താരങ്ങളടക്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക്​ 2.45 ന്​ വിധി പറയാമെന്ന്​ രാവിലെ ​കോടതി അറിയിച്ചതായിരുന്നു. നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോയുടെ വാദം അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കാൻ തയാറായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryan Khan's bail plea rejected
Next Story