ന്യൂഡൽഹി: പി.ഡബ്ല്യ.ഡി അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ബന്ധു അറസ്റ്റിൽ. കെജ്രിവാളിന്‍റെ ഭാര്യാ സഹോദരന്‍റെ മകൻ വിനയ് ബൻസാലിനെയാണ് അറസ്റ്റ് ചെയ്തത്.
കെജ്രിവാളിനും ഭാര്യാ സഹോദരനുമെതിരെ സന്നദ്ധ സംഘടനയായ അഴിമതി വിരുദ്ധ സംഘടനയുടെ മേധാവി രാഹുൽ ശർമ്മയാണ് പരാതി നൽകിയത്.
റോഡ്, അഴുക്കുചാൽ എന്നിവയുടെ നിർമ്മാണത്തിനായി നൽകുന്ന കരാറുകൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്നായിരുന്നു ഇത്.
2015ൽ ഡൽഹിയിലെ ബക്കോളി ഗ്രാമത്തിൽ അഴുക്കുചാൽ നിർമ്മിക്കുന്നതിനായി രേണു കൺസ്ട്രക്ഷൻ കമ്പനിക്ക് അനധികൃതമായി കരാർ നൽകുകയതാണ് പരാതിക്ക് കാരണമായത്. എ.സി.ബിയുടെ വ്യാജ ആധാരമുണ്ടാക്കല്‍, വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അഫേർസൈഡ് എന്ന കമ്പനി മഹാദേവ ഇംപാക്ട്ട് കമ്പനിക്ക് രേഖകളൊന്നുമില്ലാതെ 46% വിലകുറച്ച് ടെണ്ടർ നൽകിയെന്നും പണി പൂർത്തിയാകാതെ തന്നെ പൂർത്തിയായെന്ന വ്യാജ രേഘയുണ്ടാക്കിയെന്നും അന്വേഷണത്തിൽ തെളിഞ്ഞു. അഫേർസൈഡ് കമ്പനിയുടെ 50% ഓഹരിയും വിനയ് ബൻസാലിന്‍റെ പേരിലാണ്.
ബി.ജെ.പി യുടെ രാഷ്രീയ വൈരാഗ്യമാണ് അറസ്റ്റെന്നും പാർട്ടിയെ കടന്നാക്രമിക്കുന്നതിൽ പരാജയപ്പെട്ടതോടെ കെജ്രിവാളിേനയും കുടുംബത്തേയും ആക്രമിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും എ.എ.പി പ്രതികരിച്ചു.