വെള്ളത്തിൽ വിഷംകലക്കി ഡൽഹിയിലെ ജനങ്ങളെ വംശഹത്യ ചെയ്യാൻ ബി.ജെ.പി പദ്ധതിയിട്ടു; ഗുരുതര ആരോപണവുമായി അരവിന്ദ് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി രംഗം കൊഴുപ്പിക്കുകയാണ് എ.എ.പിയും ബി.ജെ.പിയും. നിയമ സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് കൊണ്ടുവരുന്ന വെള്ളത്തിൽ ബി.ജെ.പി വിഷംകലക്കുന്നുവെന്നാണ് കെജ്രിവാളിന്റെ ആരോപണം. ''രാജ്യം നാളിതുവരെ കണ്ടിട്ടില്ലാത്ത വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നത്. ഡൽഹിയിലെ ജനങ്ങൾ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങളവരെ വിഷം കലർത്തിയ വെള്ളം കൊടുത്ത് കൊല്ലുമോ?''-കെജ്രിവാൾ ചോദിച്ചു. ഒരിക്കലും അതിന് അനുവദിക്കില്ലെന്നും എ.എ.പി നേതാവ് വ്യക്തമാക്കി. കെജ്രിവാൾ ഉള്ളിടത്തോളം അത് നടക്കില്ലെന്നാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത്. ഡൽഹിയിലെ ജനങ്ങളുടെ ജീവന് ഒരു കുഴപ്പവും വരുത്താൻ അനുവദിക്കില്ലെന്നും കെജ്‍രിവാൾ ഉറപ്പിച്ചു പറഞ്ഞു.
പൊതുജനാഭിപ്രായം തങ്ങൾക്ക് അനുകൂലമാക്കാനായി ഡൽഹിയിലെ ജലവിതരണം ബോധപൂർവം തടസ്സപ്പെടുത്തുകയാണ്. ആളുകളെ ദാഹിപ്പിക്കുന്നതിനേക്കാൾ വലിയ പാപം മറ്റൊന്നില്ല. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലർത്തുകയാണ് അവർ. ഡൽഹിയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. എന്നാൽ ആം ആദ്മി പാർട്ടി അത് അനുവദിക്കില്ല. ഡൽഹി ജൽ ബോർഡിലെ എൻജിനീയർമാരാണ് വിഷം കലർന്ന ജലം പ്രവേശിക്കുന്നത് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ആ വെള്ളം ഡൽഹിയിൽ പ്രവേശിച്ച് കുടിവെള്ളത്തിൽ കലർന്നിരുന്നെങ്കിൽ ഒരു കൂട്ട വംശഹത്യ നടക്കുമായിരുന്നു. ഡൽഹിയുടെ മൂന്നിലൊന്ന് ഭാഗവും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ ജൈവ ആയുധങ്ങളുടെ ഉപയോഗം, നദികളിൽ വിഷം കലർത്തൽ തുടങ്ങിയ നടപടികൾ കേൾക്കാറുണ്ട്. അതാണിപ്പോൾ ബി.ജെ.പി ചെയ്തിരിക്കുന്നത്. അതിഷിയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വിഷയം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
അതിനിടെ, ഡൽഹിയിലേക്ക് വിതരണം ചെയ്യുന്ന വെള്ളത്തിലെ അമോണിയയുടെ അളവ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച ഹരിയാനയോട് വസ്തുതാപരമായ റിപ്പോർട്ട് തേടി. ചൊവ്വാഴ്ച ഉച്ചയോടെ വിഷയത്തിൽ വസ്തുതാപരമായ റിപ്പോർട്ട് സമർപ്പിക്കാൻ ഇസി ഹരിയാന സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് ഫലമറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

