കൂടിക്കാഴ്ചക്ക് ക്ഷണിച്ച് ലഫ്. ഗവർണർ, വരാൻ പറ്റില്ലെന്ന് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന വിളിച്ചുചേർത്ത കൂടിക്കാഴ്ചക്ക് വരാനൊക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്കാണ് അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാർട്ടിയിലെ 10 എം.എൽ.എമാരെയും വി.കെ. സക്സേന ക്ഷണിച്ചത്. എന്നാൽ വെള്ളിയാഴ്ച താൻ പഞ്ചാബ് സന്ദർശിക്കാൻ പോകുന്നതിനാൽ കൂടിക്കാഴ്ചക്ക് വരാനൊക്കില്ലെന്നാണ് കെജ്രിവാൾ അറിയിച്ചത്.
‘നന്ദി എൽ.ജി സർ. ഞാൻ നാളെ പഞ്ചാബിലേക്ക് പോകുന്നു. കൂടിക്കാഴ്ചക്കായി മറ്റൊരു സമയം നിശ്ചയിക്കണമെന്ന് ബഹുമാനപ്പെട്ട ലഫ്റ്റനന്റ് ഗവർണറോട് ഞങ്ങൾ അപേക്ഷിക്കുന്നു’ - കെജ്രിവാൾ എൽ.ജിക്ക് നൽകിയ മറുപടിയിൽ പറഞ്ഞു.
അധ്യാപകരുടെ വിദേശ പരിശീലനം ലഫ്.ഗവർണർ തടഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തിൽ എ.എ.പി ലഫ്റ്റനന്റ് ഗവർണറുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ചപ്പോൾ അദ്ദേഹം നൽകിയ ഉറപ്പായിരുന്നു ഈ കൂടിക്കാഴ്ച. പ്രതിഷേധ ദിവസം കെജ്രിവാളിനെ കാണാൻ കൂട്ടാക്കാതിരുന്ന ലഫ്. ഗവർണർ അവരെ സ്വീകരിക്കാൻ സൗകര്യമൊരുക്കിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. തുടർന്ന് മറ്റൊരു ദിവസം കൂടിക്കാഴ്ചക്ക് അനുവദിക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു.
റിപ്പബ്ലക് ദിനത്തോടനുബന്ധിച്ച് ഗവർണർ നടത്തിയ ചടങ്ങിൽ കെജ്രിവാൾ പങ്കെടുക്കുകയും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.