ബി.ജെ.പിയുടെ ശക്തികേന്ദ്രത്തിൽ പുതിയ പാർട്ടി വോട്ട് വിഹിതം ഉയർത്തുന്നത് വലിയ വിജയം -കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഗുജറാത്ത് -ഡൽഹി തെരഞ്ഞെടുപ്പുകളിലെ ആംആദ്മി പാർട്ടിയുടെ പ്രകടനം സംബന്ധിച്ച് എക്സിറ്റ് പോൾ ഫലങ്ങളോട് പ്രതികരിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ.
എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഗുജറാത്തിൽ പാർട്ടി 100 സീറ്റിനടുത്ത് നേടി വിജയിക്കുമെന്നും ആപ്പ് നേതാക്കൾ പറഞ്ഞു. ഫലം പോസിറ്റീവായിരിക്കും.
ഒരു പുതിയ പാർട്ടിക്ക് ബി.ജെ.പിയുടെ ശക്തി കേന്ദ്രത്തിൽ 15-20 ശതമാനം വോട്ട് നേടാനാകുന്നത് തന്നെ വലിയ വിജയമാണ്. മറ്റന്നാൾ വരെ കാത്തിരിക്കുക - കെജ്രിവാൾ പറഞ്ഞു.
ഗുജറാത്തിൽ കോൺഗ്രസിനെ തഴഞ്ഞ് ബി.ജെ.പിയുടെ എതിരാളി എന്ന് സ്വയം ഉയർത്തിക്കാട്ടി കാടിളക്കി പ്രചാരണം നടത്തിയാണ് ആംആദ്മി പാർട്ടി വോട്ട് പിടിച്ചത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ പറഞ്ഞത് 182 സീറ്റുകളിൽ എട്ട് സീറ്റ് ആംആദ്മി പാർട്ടിക്കും 38 സീറ്റ് കോൺഗ്രസ് സഖ്യത്തിനും ലഭിക്കുമെന്നാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്ന് തന്നെയാണ് പോൾ പ്രവചനം.
അതേസമയം, ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ ആം ആദ്മി പാർട്ടിക്ക് വൻ വിജയംഒ നേടാനാകുമെന്നും എക്സിറ്റ് പോൾ പറയുന്നു.
ഡൽഹിയിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എക്സിറ്റ് പോൾ പ്രകാരം ഡൽഹിയിലെ ജനങ്ങൾ ഒരിക്കൽ കൂടി എ.എ.പിയിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. ഇതായിരിക്കും ഫലമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. നമുക്ക് അതിനായി അടുത്ത ദിവസം വരെ കാത്തിരിക്കാം. - കെജ്രിവാൾ വ്യക്തമാക്കി.