പ്രധാനമന്ത്രിയുടെ വിഡിയോ വിവാദത്തിന് പിന്നാലെ കെജ്‌രിവാളിന്റെ അക്കൗണ്ടിന് നിയന്ത്രണം; മെറ്റ മൗനത്തിൽ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് യാതൊരു വിശദീകരണവുമില്ലാതെ ഇന്ത്യയിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതായി ആരോപണം. മെറ്റയുടെ ഇന്ത്യയിലെ ഓഫീസിൽ നേരിട്ട് അന്വേഷണം നടത്തിയെങ്കിലും തൃപ്തികരമായ മറുപടിയോ വ്യക്തതയോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു.
എക്സിൽ മെറ്റയെയും മെറ്റ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ടാണ് കെജ്‌രിവാൾ ഈ വിഷയം ഉന്നയിച്ചത്. തന്റെ അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായി മാറിയിരിക്കുന്നുവെന്നും, ഇതിന് പിന്നിലെ കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്കൗണ്ടിലെ നിയന്ത്രണങ്ങൾ എങ്ങനെ നീക്കം ചെയ്യണമെന്ന് ആരും പറയുന്നില്ലെന്നും, മെറ്റക്ക് അയച്ച ഇമെയിലുകൾക്ക് പതിവ് മറുപടികൾ അല്ലാതെ മറ്റ് പ്രതികരണങ്ങൾ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെറ്റയുടെ സേവനങ്ങൾ തീർത്തും മോശമാണെന്നും അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ മെറ്റ ഇത്രയധികം അടിയറവ് പറയേണ്ടതില്ലെന്നും, അല്ലെങ്കിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം പ്രവർത്തിക്കാൻ കമ്പനി അനുമതി നൽകേണ്ടി വരുമെന്നും കെജ്‌രിവാൾ പരിഹസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോ ഫേസ്ബുക്കിൽ നിന്നും അബദ്ധത്തിൽ നീക്കം ചെയ്ത സംഭവത്തിൽ മെറ്റ ഉന്നത ഗ്ലോബൽ എക്സിക്യൂട്ടീവ് ഇന്ത്യൻ അധികാരികളോട് മാപ്പ് പറഞ്ഞ് ദിവസങ്ങൾക്ക് ശേഷമാണ് കെജ്‌രിവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിയന്ത്രണം വന്നത്. ഒരു സാങ്കേതിക തകരാർ കാരണം സംഭവിച്ച പിഴവിലാണ് വിഡിയോ നീക്കം ചെയ്യപ്പെട്ടതെന്നും, ഇതിൽ മാപ്പ് ചോദിക്കുന്നുവെന്നും മെറ്റയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ജോയൽ കാപ്ലൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ വിഡിയോ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയില്ലെങ്കിൽ കമ്പനിയുടെ 'സേഫ് ഹാർബർ'സംരക്ഷണം നഷ്ടപ്പെടുമെന്ന് പാർലമെന്ററി പാനൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ഈ നടപടി. കൂടാതെ, ഡീപ് ഫെയ്ക്കുകൾ, പെയ്ഡ് കണ്ടന്റ് ആംപ്ലിഫിക്കേഷൻ, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വീഴ്ചകളും മെറ്റ സർക്കാരിന് മുന്നിൽ സമ്മതിക്കുകയും പരിഹാര നടപടികൾ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ അരവിന്ദ് കെജ്‌രിവാളിന്റെ പുതിയ ആരോപണങ്ങളോട് മെറ്റ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

