അരുന്ധതി റോയിയുടെ ആസാദി ഉൾപ്പടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മുകശ്മീർ സർക്കാർ
text_fieldsഅരുന്ധതി റോയ്
ന്യൂഡൽഹി: അരുന്ധതി റോയിയുടെ ആസാദി ഉൾപ്പടെ 25 പുസ്തകങ്ങൾ നിരോധിച്ച് ജമ്മുകശ്മീർ സർക്കാർ. തെറ്റായ വിവരങ്ങളും വിഘടനവാദവും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. അരുന്ധതി റോയിയുടെ പുസ്തകത്തിന് പുറമേ ഭരണഘടനാ വിദഗ്ധൻ എ.ജി നൂർണിയുടെ ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012 എന്ന പുസ്തകവും നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ലഫ്റ്റന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി.
സുമാന്ത്ര ബോസിന്റെ കശ്മീർ അറ്റ് ദ ക്രോസ്റോഡ്സ് ആൻഡ് കണ്ടസ്റ്റഡ് ലാൻഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീർ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. നിരോധന ഉത്തരവിൽ പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകേർ ഭാരതി ഒപ്പുവെച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാനപദവി നൽകണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സർക്കാർ നടപടി.
പുസ്തകങ്ങൾ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്ന് നിരോധന ഉത്തരവിൽ വ്യക്തമാക്കുന്നു. ജമ്മുകശ്മീരിലെ യുവാക്കൾക്കിടയിൽ തീവ്രവാദം വളർത്തുന്നതിൽ ഇത്തരം പുസ്തകങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ജമ്മുകശ്മീർ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന പുസ്തകങ്ങൾ ഭീകരരെ ഹിറോകളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്നും ജമ്മുകശ്മീർ സർക്കാർ വ്യക്തമാക്കുന്നു.
അക്രമത്തിലേക്കുള്ള വഴി തുറക്കുന്നതാണ് പുസ്തകങ്ങളിലെ ഉള്ളടക്കം. പല പ്രമുഖ പബ്ലിഷിങ് ഹൗസുകൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ഇത്തരത്തിൽ നിരോധിച്ചത്. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി പ്രസ്, ഓക്സ്ഫോഡ് യുനിവേഴ്സിറ്റി പ്രസ് തുടങ്ങിയ പ്രമുഖ പബ്ലിഷർമാരുടെ പുസ്തകങ്ങളെല്ലാം നിരോധിച്ചവയിൽ ഉൾപ്പെടുന്നു. ഭാരതീയ ന്യായ് സൻഹിതയിലെ 98ാം വകുപ്പ് പ്രകാരമാണ് ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

