ഇന്ത്യ സമഗ്രാധിപത്യത്തിന്‍റെ വക്കിലെന്ന് അരുന്ധതി റോയ്; 'ഫാഷിസം എല്ലാ ലക്ഷണങ്ങളും കാണിക്കുന്നു'
text_fieldsഹൈദരാബാദ്: ബി.ജെ.പി ഭരണത്തില്‍ ഇന്ത്യ സമഗ്രാധിപത്യത്തിന്‍റെ വക്കിലെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ഫാഷിസം അതിന്‍റെ എല്ലാ ലക്ഷണങ്ങളും കാട്ടുകയാണ്. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ഒത്തുചേര്‍ന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹൈദരാബാദില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബാലഗോപാലിന്റെ പതിമൂന്നാമത് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.
രാജ്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടിയുമായി കൂട്ടിയിണക്കുന്ന ഘട്ടമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. പാര്‍ട്ടിയും കോടതിയും എല്ലാം ഒന്നായാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയും ഭരണകൂടവും അതിന്റെ സ്ഥാപനങ്ങളും തമ്മില്‍ ഇപ്പോള്‍ വേര്‍തിരിവൊന്നുമില്ല. മാധ്യമങ്ങളായാലും കോടതികളായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും എല്ലാം ഒന്നായി പ്രവര്‍ത്തിക്കുകയാണ്, ഒരു സ്ഥാപനത്തെപോലെ, അതാണ് ഫാഷിസം.
രാജ്യത്ത് ഏകാധിപത്യമാണ് ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് മുക്ത രാജ്യമാണ് സ്വപ്നമെന്ന് പരസ്യമായി പ്രചരണം നടത്തുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യക്കുള്ളത്. പ്രതിപക്ഷ മുക്ത ഭാരതമാണ് ബി.ജെ.പിക്ക് വേണ്ടത്. അവര്‍ വിമര്‍ശനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ല -അവർ ചൂണ്ടിക്കാട്ടി.
ഇന്ത്യ ഒരു രാജ്യത്തേക്കാളുപരി അതിന്റെ വൈവിധ്യങ്ങള്‍ കൊണ്ട് ഒരു ഭൂഖണ്ഡത്തിന് സമാനമാണ്. നമ്മള്‍ ന്യൂനപക്ഷങ്ങളുടെ രാജ്യമാണ്, യഥാർഥത്തില്‍ ഭൂരിപക്ഷമില്ല. ഇന്ന് നമ്മള്‍ കാണുന്ന ഹിന്ദുത്വ, ഫാഷിസത്തിന്റെ എല്ലാ അക്രമങ്ങളും കൃത്രിമ ഭൂരിപക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ്.
യഥാർഥത്തില്‍ അത് നിലവിലില്ല. അവര്‍ അത് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പുതിയ കാര്യമല്ല. സാമ്രാജ്യത്വ ശക്തിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെന്നും അരുന്ധതി റോയ് ചൂണ്ടിക്കാട്ടി.