ഇന്ത്യൻ പാസ്‌പോർട്ട് അസാധുവാണെന്ന് പറഞ്ഞ് അരുണാചലിൽ നിന്നുള്ള യുവതിയെ ചൈന വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞു
text_fieldsബെയ്ജിങ്: ചൈനീസ് ഇമിഗ്രേഷൻ അധികൃതർ ഇന്ത്യൻ പാസ്‌പോർട്ട് സ്വീകരിക്കാതെ ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിനെട്ടു മണിക്കൂറോളം തടഞ്ഞുവെച്ച് ഉപദ്രവിച്ചുവെന്ന ആരോപണവുമായി അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതി. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുകലിന്റെ ചില ലക്ഷണങ്ങൾ കാണപ്പെടുന്ന സമയത്താണ് പുതിയ സംഭവം.
നവംബർ 21ന് ലണ്ടനിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രക്കിടെ ട്രാൻസിറ്റ് ഹാൾട്ടിലാണ് യുവതിക്ക് ഈ ദുരനുഭവം. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ചൈന അവരുടെ ഭാഗമായി കണക്കാക്കുന്നതിനാൽ തന്റെ പാസ്‌പോർട്ട് അസാധുവാണെന്ന് പറഞ്ഞതായി പെമ വാങ് തോങ്‌ഡോക്ക് എന്ന യുവതി ‘എക്‌സി’ലെ പോസ്റ്റിൽ പറഞ്ഞു. ഷാങ്ഹായിലെ തന്റെ മൂന്ന് മണിക്കൂർ തങ്ങൽ പിന്നീട് പതിനെട്ട് മണിക്കൂർ നേരത്തേക്കുള്ള കഠിന യാതനായി മാറിയെന്നും തോങ്‌ഡോക്ക് എഴുതി.
ജന്മസ്ഥലം കാരണം തന്റെ ഇന്ത്യൻ പാസ്‌പോർട്ട് അംഗീകരിക്കാൻ ആവില്ലെന്ന് ഇമിഗ്രേഷൻ ഡെസ്‌കിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി അവർ പറഞ്ഞു. സാധുവായ ജാപ്പനീസ് വിസ കൈവശം വെച്ചിട്ടും പാസ്‌പോർട്ട് കണ്ടുകെട്ടി. തുടർന്നുള്ള വിമാനത്തിൽ കയറുന്നതിൽ നിന്ന് അവരെ തടഞ്ഞു.
ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാൻ ഇമിഗ്രേഷൻ ജീവനക്കാരും ചൈന ഈസ്റ്റേൺ എയർലൈൻസ് ജീവനക്കാരും തന്നോട് നിർദേശിച്ചതായും അവർ ആരോപിച്ചു. മാത്രമല്ല ഭക്ഷണം, വിമാനത്താവള സൗകര്യങ്ങൾ, അവരുടെ യാത്രാ സ്റ്റാറ്റസിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ എന്നിവയിലേക്ക് പ്രവേശനം നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.
വിമാനങ്ങളും ഹോട്ടൽ ബുക്കിങ്ങുകളും നഷ്ടപ്പെട്ടതിനാൽ സാമ്പത്തിക നഷ്ടമുണ്ടായി. തുടർന്ന് ചൈനയുടെ ഈസ്റ്റേൺ എയർലൈൻസിൽ നിന്നുതന്നെ ഒരു പുതിയ ടിക്കറ്റ് വാങ്ങാമെന്ന് സമ്മതിച്ചതിന് ശേഷമാണ് യുവതിക്ക് പാസ്‌പോർട്ട് തിരികെ നൽകിയത്. ട്രാൻസിറ്റ് ഏരിയയിൽ കുടുങ്ങിയതിനാൽ ടിക്കറ്റുകൾ റീ ബുക്ക് ചെയ്യാനോ സ്വതന്ത്രമായി സഞ്ചരിക്കാനോ കഴിഞ്ഞില്ലെന്നും തോങ്‌ഡോക്ക് പറഞ്ഞു.
ദുരിതത്തിലായ അവർ യു.കെയിലെ ഒരു സുഹൃത്ത് വഴി ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. കോൺസുലർ ഉദ്യോഗസ്ഥർ ഇടപെട്ടതിനുശേഷം രാത്രി വൈകിയാണ് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങി യാത്ര തുടരാൻ അവർക്ക് കഴിഞ്ഞത്.
ഈ സംഭവം ‘ഇന്ത്യയുടെ പരമാധികാരത്തോടുള്ള അപമാനം’ എന്ന് വിശേഷിപ്പിച്ച തോങ്‌ഡോക്ക്, പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യൻ അധികാരികളോടും ചൈനീസ് അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്യണമെന്നും അഭ്യർത്ഥിച്ചു. സമാനമായ പെരുമാറ്റം നേരിടേണ്ടിവരുന്ന അരുണാചൽ പ്രദേശിൽ നിന്നുള്ള എല്ലാ ഇന്ത്യക്കാർക്കും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഉത്തരവാദിത്തവും നഷ്ടപരിഹാരവും സർക്കാർ തേടണമെന്ന് അവർ ആവശ്യപ്പെട്ടു. സംഭവം ഓൺലൈനിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി.
‘ഒന്നും സംഭവിക്കില്ല... ചൈനക്കെതിരെ നിലകൊള്ളാൻ 56 ഇഞ്ചുകൾ പോരാ... പാപ്പരായ രാജ്യങ്ങളേക്കാൾ അവർ എങ്ങനെ മികച്ചവരാണെന്നതിൽ അവർക്ക് അഭിമാനിക്കാം’ എന്ന് മോദിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഒരു ഉപയോക്താവ് എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

