‘അതിർത്തി പട്രോളിങ് കരാറുകൾക്ക് അനുസൃതം’; അരുണാചൽ അതിർത്തി സംഘർഷം, പ്രതികരിച്ച് ചൈന
text_fieldsന്യൂഡൽഹി: അരുണാചൽ പ്രദേശിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇന്ത്യ-ചൈന ധാരണകൾക്കും കരാറുകൾക്കും അനുസൃതമായാണ് അതിർത്തി പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതെന്ന് ചൈന. ചൈനയുടെ വ്യതിചലനമാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞതിന് മറുപടി എന്ന നിലക്കാണ് പട്രോളിങ്ങിനെ ചൊല്ലിയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് ചൈനയുടെ ആദ്യ പ്രതികരണം. ഐ.ടി.ബി.പി ഡയറക്ടർ ജനറൽ ശത്രുജീത് സിങ് കപൂർ അരുണാചൽ പ്രദേശിലെ വിവിധ ഭാഗങ്ങളിൽ ഇന്ത്യ-ചൈന സേനകൾ തമ്മിൽ സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയതിനു പിന്നാലെയാണ്, ചൈനയാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശ കാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്.
എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന ധാരണകളും കരാറുകളും ചൈന കർശനമായി പാലിച്ചുവരികയാണെന്നും അതിർത്തി പ്രദേശങ്ങളിലെ പ്രാദേശിക പരമാധികാരവും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സാധാരണ പട്രോളിങ്, പരിപാലന പ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ വ്യക്തമാക്കി. ഇന്ത്യയും ചൈനയും നയതന്ത്ര-സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണെന്നും അതിർത്തിയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരു രാജ്യങ്ങളും നിലവിലെ ധാരണകൾ നടപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗുവോ കൂട്ടിച്ചേർത്തു.
പട്രോളിങ്ങിനായി ഇരുരാജ്യങ്ങളും അംഗീകരിച്ച നടപടിക്രമങ്ങളിൽനിന്ന് ചൈന പലപ്പോഴും വ്യതിചലിക്കുന്നതിനാലാണ് എൽ.എ.സിയിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അവശേഷിക്കുന്ന അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനും തെറ്റിദ്ധാരണകൾ ഒഴിവാക്കാനുമായി നിലവിലുള്ള നയതന്ത്ര, സൈനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.

