മുൻ ഭാര്യയുടെ കൊല; ചിത്രകാരൻ ചിന്തൻ ഉപാധ്യായ് കുറ്റക്കാരൻ
text_fieldsഹേമ ഉപാധ്യായ്, ചിന്തൻ ഉപാധ്യായ്
മുംബൈ: ചിത്രകാരി ഹേമ ഉപാധ്യായ്യേയും അവരുടെ അഭിഭാഷകനെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഭർത്താവായ ചിത്രകാരൻ ചിന്തൻ ഉപാധ്യായ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊലപാതകത്തിന് പ്രേരണ, ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. വ്യാഴാഴ്ച അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.വൈ. ഭോസ്ലെയാണ് വിധിപറഞ്ഞത്. മറ്റു പ്രതികളായ ശിവകുമാർ രാജ്ഭർ, പ്രദീപ്കുമാർ രാജ്ഭർ, വിജയ്കുമാർ രാജ്ഭർ എന്നിവർക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ശിക്ഷസംബന്ധിച്ച് ശനിയാഴ്ച വാദം കേൾക്കും. ജാമ്യത്തിലായിരുന്ന ചിന്തനെ കോടതിവിധിയെ തുടർന്ന് കസ്റ്റഡിയിലെടുത്തു.
2015 ഡിസംബർ 12ന് കാന്തിവല്ലിയിലെ അഴുക്കുചാലിൽ സംശയാസ്പദമായി കണ്ട രണ്ട് കാഡ്ബോഡ് പെട്ടികളിൽനിന്നാണ് ഹേമ, അഭിഭാഷകൻ ഹരീഷ് ഭംഭാണി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിന്തനൊപ്പം കൊലപാതക ഗൂഢാലോചന നടത്തി, അത് നടപ്പാക്കിയ വിദ്യാധർ രാജ്ഭർ കേസിൽ പിടികിട്ടാപ്പുള്ളിയാണ്. ചിന്തനും ഹേമക്കുംവേണ്ടി ഫാബ്രിക് ജോലികൾചെയ്തിരുന്ന വിദ്യാധറിന്റെ ഫാക്ടറിയിൽ വിളിച്ചുവരുത്തിയാണ് കൊലപാതകങ്ങൾ നടത്തിയത്. കൊലക്കുറ്റം തെളിഞ്ഞ് മൂന്നുപേർ വിദ്യാധറിന്റെ ജീവനക്കാരാണ്.
2014ൽ കുടുംബ കോടതി വിവാഹമോചനം അനുവദിക്കുകയും ഹേമക്ക് ജീവനാംശം പൂർണമായും നൽകിയതാണെന്നും ഇരുവർക്കുമിടയിൽ ശത്രുതയില്ലെന്നുമാണ് ചിന്തന്റെ വാദം. കൊല നടക്കുമ്പോൾ ഡൽഹിയിലായിരുന്നുവെന്നും വാദിച്ചു. എന്നാൽ, 2015 ഡിസംബർ ഒന്നു മുതൽ എട്ടുവരെ ചിന്തൻ മുംബൈയിലുണ്ടായിരുന്നുവെന്നും ഹേമയുടെ വീട്ടിലാണ് താമസിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു. പിരിയുമ്പോൾ മൂന്നുതവണ ‘ഗുഡ്ബൈ’ പറഞ്ഞതായും പോകുംവഴി ‘അൽവിദ’ പാട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായും ഹേമയുടെ ചിത്രംവരച്ച് അതിൽ ‘ഞാൻ നിന്നെ നശിപ്പിക്കു’മെന്ന് എഴുതിയതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

