ജൗഹർ സർവകലാശാലയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംരക്ഷിക്കാൻ വിദ്യാർഥികൾ മുന്നോട്ടുവരണം: മൗലാനാ അർശദ് മദനി
text_fieldsമൗലാനാ അർശദ് മദനി
ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവിലെ അവസ്ഥ, പ്രത്യേകിച്ച് മുഹമ്മദ് അലി ജൗഹർ സർവകലാശാല നേരിടുന്ന പ്രതിസന്ധി അങ്ങേയറ്റം ആശങ്കാജനകമാണെന്നും ഇത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കാൻ വിദ്യാർഥികളും യുവജനങ്ങളും മുന്നോട്ടുവരണമെന്നും ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർശദ് മദനി. വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ താൽപ്പര്യങ്ങളിൽനിന്ന് മാറ്റിനിർത്തണമെന്നും വിജ്ഞാന സ്ഥാപനങ്ങളെ ശാക്തീകരിക്കാൻ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ രാജ്യത്തെ യുവത തയാറാകണം. ഇത്തരം സ്ഥാപനങ്ങളിൽ പരമാവധി പ്രവേശനം നേടാനും അവയുടെ അക്കാദമികവും സാമൂഹികവുമായ പ്രസക്തി നിലനിർത്താനും വിദ്യാർഥികൾ മുൻകൈയെടുക്കണം. ഏതെങ്കിലും സ്ഥാപനങ്ങളിൽ ഭരണപരമായ ന്യൂനതകളോ പോരായ്മകളോ ഉണ്ടെങ്കിൽ, അവ ചർച്ചകളിലൂടെയും ഭരണപരമായ മാർഗങ്ങളിലൂടെയും തിരുത്തപ്പെടേണ്ടതാണ്. എന്നാൽ അതിൻ്റെ പേരിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുവജനങ്ങളുടെ സജീവ പങ്കാളിത്തവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും കൊണ്ട് മാത്രമേ രാജ്യത്തിൻ്റെ അടിത്തറ ഭദ്രമാക്കാൻ കഴിയൂ. സ്വാതന്ത്ര്യസമര സേനാനി മൗലാനാ മുഹമ്മദ് അലി ജൗഹർ രാജ്യത്തിന് നൽകിയ മഹത്തായ സംഭാവനകളെ ഓർമിപ്പിച്ച മദനി, ചരിത്രപ്രാധാന്യമുള്ള ഇത്തരം വിദ്യാഭ്യാസ സംവിധാനങ്ങളെ സംരക്ഷിക്കുക എന്നത് കാലഘട്ടത്തിൻ്റെ കടമയാണെന്നും കൂട്ടിച്ചേർത്തു. ശക്തവും നീതിയുക്തവുമായ വിദ്യാഭ്യാസമില്ലാതെ രാജ്യത്തിന് യഥാർഥ പുരോഗതി കൈവരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തർപ്രദേശിലെ പ്രമുഖ നേതാവ് അസം ഖാൻ സ്ഥാപിച്ച ഉത്തർപ്രദേശിലെ രാംപൂരിലുള്ള മുഹമ്മദ് അലി ജൗഹർ സർവകലാശാല കഴിഞ്ഞ കുറച്ചുകാലമായി കടുത്ത ഭരണകൂട നടപടികളും ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നിയമപ്രതിസന്ധികളും നേരിടുകയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനം അവിടെ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയാണ് അനിശ്ചിതത്വത്തിലാക്കുന്നത്. സ്ഥാപനങ്ങൾക്കെതിരായ ഇത്തരം പ്രതികൂല നീക്കങ്ങൾ ന്യൂനപക്ഷ ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളർച്ചയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയും പൊതുസമൂഹത്തിൽ ശക്തമാണ്.
പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പ് അത്യന്താപേക്ഷിതമാണെന്ന് അർശദ് മദനി ഓർമിപ്പിച്ചു. പ്രതിസന്ധികൾക്കിടയിലും വിദ്യാർഥികൾ ജൗഹർ സർവകലാശാല പോലുള്ള സ്ഥാപനങ്ങളിലേക്ക് കടന്നുവരികയും പഠനം തുടരുകയും ചെയ്യുമ്പോൾ മാത്രമേ അവ സ്ഥാപിച്ചതിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയുള്ളൂ. സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഈ പോരാട്ടം ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും മറിച്ച് രാജ്യത്തെ വിജ്ഞാനപാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനുള്ള മുഴുവൻ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

