സൊനാലിയുടെ മരണം: അറസ്റ്റിലായ സുധീർ ഫ്ലാറ്റെടുത്തത് ഭർത്താവെന്ന പേരിൽ
text_fieldsഗുരുഗ്രാം: ബി.ജെ.പി നേതാവും നടിയുമായിരുന്ന സൊനാലി ഫോഗട്ടിന്‍റെ മരണത്തിൽ അറസ്റ്റിലായ സഹായി സുധീർ പാൽ സാങ്‍വാനെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ. സുധീർ സാങ്‍വാന്‍റെ ഭാര്യയെന്നാണ് സൊനാലിയെക്കുറിച്ച് ഗുരുഗ്രാമിലെ അപാർട്മെന്‍റിലെ രേഖകളിൽ ഉള്ളതെന്നാണ് റിപ്പോർട്ട്.
സെക്ടർ 102-ൽ സ്ഥിതി ചെയ്യുന്ന 'ഗുഡ്ഗാവ് ഗ്രീൻസി'ൽ മൂന്നു മാസം മുമ്പ് 901-ാം നമ്പർ ഫ്ലാറ്റ് വാടകയ്‌ക്ക് എടുത്തിരുന്നു. സുധീർ സാങ്‌വാൻ ഈ ഫ്‌ളാറ്റ് വാടകക്കെടുത്തപ്പോൾ രേഖകളിൽ സൊനാലി ഫോഗട്ടിനെ ഭാര്യയായാണ് കാണിച്ചിരിക്കുന്നത്.
സൊനാലിയെ ഇവിടെ കണ്ടിട്ടില്ലെന്നും എന്നാൽ സാങ്‍വാനെ ഇവിടെ പലപ്പോഴും കണ്ടിരുന്നതായും 'ഗുഡ്ഗാവ് ഗ്രീൻസ്' സൊസൈറ്റിയിലെ ഒരു അംഗം പറയുന്നു. അധികമാർക്കും ഇവരെക്കുറിച്ച് അറിയില്ലായിരുന്നു.
സൊനാലി ഫോഗട്ടും സുധീർ സാങ്‌വാനും വാഹനം ഇവിടെ പാർക്ക് ചെയ്താണ് ഗോവയിലേക്ക് പുറപ്പെടാനായി ടാക്സിയിൽ വിമാനത്താവളത്തിലേക്ക് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സൊനാലി ഫോഗട്ടിനെ കൊലപ്പെടുത്താൻ സുധീർ പാൽ സങ്‍വാൻ നേരത്തെയും ശ്രമിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. സൊനാലിയെ കൊല്ലാൻ ഉദ്ദേശിച്ച് സുധീർ നേരത്തെയും വിഷം നൽകിയിട്ടുണ്ട്. സ്വത്തിൽ കണ്ണുവെച്ചാണ് ഈ നീക്കമെന്നും സൊനാലിയുടെ അനന്തരവൻമാരായ വികാസ് സിങ്മർ, സചിൻ ഫോഗട്ട് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

