15,000 രൂപ ശമ്പളം, 65 ലക്ഷത്തിന്റെ വീട്! അയോധ്യ രാമക്ഷേത്രത്തിലെ ‘കള്ളന്മാർ’ പിടിയിലായപ്പോൾ പുറത്തുവരുന്നത്...
text_fieldsഅയോധ്യ: രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽനിന്നും മറ്റും വൻതോതിൽ പണം കൊള്ളയടിച്ച കേസിൽ അയോധ്യയിൽ എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ സംഭാവന മാനേജ്‌മെന്റ് സംവിധാനത്തെ ദുരുപയോഗം ചെയ്ത് ദീർഘകാലമായി നടന്നുവന്ന ആസൂത്രിതമായ തട്ടിപ്പാണ് പുറത്തുവന്നത്. അറസ്റ്റിലായവരിൽ പ്രൈമറി സ്‌കൂൾ അധ്യാപകൻ, മുൻ കാർ മെക്കാനിക്, വിരമിച്ച ബാങ്ക് ജീവനക്കാരൻ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയുടെ വിശ്വസ്ത സഹായി തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു.
ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി ഔട്ട്‌സോഴ്‌സിങ് ഏജൻസി വഴി നിയമിക്കപ്പെട്ട കരാർ ജീവനക്കാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് ഭാഷ്യം. ഇവരുടെ സാമ്പത്തിക ഇടപാടുകളും ആസ്തികളും വിശദമായി പരിശോധിച്ചുവരികയാണ്.
അവിനാഷ് ശുക്ല (പ്രൈമറി സ്‌കൂൾ അധ്യാപകൻ): സംഭാവന എണ്ണുന്ന വേളയിൽ പണം കണക്കെടുക്കുന്ന ചുമതലയായിരുന്നു ഇയാൾക്ക്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽനിന്ന് 20 ലക്ഷം രൂപയും വിദേശ കറൻസികളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. സി.സി.ടി.വി ക്യാമറകളുടെ കണ്ണുവെട്ടിച്ച് ശുചിമുറികളിൽ പണം ഒളിപ്പിച്ചാണ് ഇയാൾ കടത്തിയിരുന്നത്. വർഷങ്ങളായി അയോധ്യയിലെ ഒരു യോഗ കേന്ദ്രത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.
അനുകൽപ് മിശ്ര: കരാർ ജീവനക്കാരനായ ഇയാൾ പ്രതിമാസം 15,000 രൂപ ശമ്പളത്തിൽ ജോലി ചെയ്യുന്നയാളാണ്. എന്നാൽ ഇയാളുടെ പേരിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന വീട്, ഫാംഹൗസ്, വിലകൂടിയ മോട്ടോർ സൈക്കിൾ, എസ്.യു.വി വാഹനം എന്നിവ കണ്ടെത്തി. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനാണ് ഇയാൾക്കെതിരേ അന്വേഷണം. ഇയാളിൽനിന്ന് 16.8 ലക്ഷം രൂപ കണ്ടെടുത്തു. ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയുമായുള്ള ഇയാളുടെ കുടുംബബന്ധവും അന്വേഷണ പരിധിയിലാണ്.
ലവ്കുഷ് മിശ്ര: കാർ മെക്കാനിക്കായിരുന്ന ഇയാൾക്ക് 14.25 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
കരുണേഷ് പാണ്ഡെ: സംഭാവന പെട്ടികൾ തുറക്കുന്നതും പണം തരംതിരിക്കുന്നതും കൈകാര്യം ചെയ്തിരുന്ന ഇയാളിൽനിന്ന് 18 ലക്ഷത്തിലധികം രൂപ കണ്ടെടുത്തിട്ടുണ്ട്.
രാംശങ്കർ മിശ്ര: പണം എണ്ണുന്ന മുറിയിൽ കൃത്രിമം കാട്ടിയ ഇയാളിൽനിന്ന് 7.3 ലക്ഷം രൂപ പിടിച്ചെടുത്തു.
ട്രസ്റ്റിന്റെ ‘വിശ്വസ്തൻ’ പിടിയിൽ
ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ പേഴ്‌സണൽ ഡ്രൈവറായി സേവനം തുടങ്ങിയ രാംശങ്കർ യാദവ് (ടിന്നു യാദവ്) ആണ് തട്ടിപ്പിലെ പ്രധാന കണ്ണി. പിന്നീട് ക്ഷേത്ര ഭരണത്തിലും വി.ഐ.പി മാനേജ്‌മെന്റിലും നിർണായക സ്വാധീനം ചെലുത്തിയിരുന്ന ഇയാൾക്ക് സംഭാവന മുറിയുടെ താക്കോൽ അടക്കമുള്ളവയുടെ അനധികൃത നിയന്ത്രണമുണ്ടായിരുന്നു. ഇയാളുടെ അനന്തരവൻ മനീഷ് കുമാർ യാദവും കേസിൽ അറസ്റ്റിലായിട്ടുണ്ട്.
റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനും പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകനുമായ സുഭാഷ് ചന്ദ്ര ശ്രീവാസ്തവയെ, സംഭാവന എണ്ണുന്ന പ്രക്രിയ മേൽനോട്ടം വഹിക്കാനാണ് ട്രസ്റ്റ് നിയോഗിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന ക്രമക്കേടുകൾ തടയാൻ ശ്രമിക്കാത്തതും തട്ടിപ്പിന് വഴിതുറന്നതും ഇദ്ദേഹത്തിന്റെ പങ്കും സംശയത്തിലാക്കുന്നു.
പ്രതികളുടെ വാട്‌സാപ്പ് സംഭാഷണങ്ങളും മറ്റും പൊലീസ് പരിശോധിച്ചുവരികയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി അന്വേഷണം തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

