ന്യൂഡൽഹി: തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡി.എസ്.പി ദേവീന്ദർ സിങ്ങിന് സമ്മാനിച്ച പൊലീസ് മെഡൽ അവാർഡ് തിരിച്ചെടുത്തു. ദേവീന്ദറിന് ജമ്മുകശ്മീർ പൊലീസ് നൽകിയ ഷേർ -ഇ കശ്മീർ ഗാലൻററി അവാർഡ് പിൻവലിച്ചു കൊണ്ട് കശ്മീർ ലഫ്.ഗവർണർ ഉത്തരവ് പുറത്തിറക്കി.
അറസ്റ്റിലായ ദേവീന്ദർ സിങ്ങിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ പൊലീസ് ആഭ്യന്തരമന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഗാലൻററി അവാർഡ് പിൻവലിച്ചിരിക്കുന്നത്. സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുള്ള കശ്മീർ പൊലീസിെൻറ കത്തിലും ഉടൻ നടപടിയുണ്ടാകും.
ശനിയാഴ്ച രണ്ട് ഹിസ്ബുൽ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രക്കിടെ ദേവീന്ദർ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും അഞ്ച് ഗ്രനേഡുകളും എ.കെ 47 തോക്കും പിടിച്ചെടുത്തിരുന്നു.
തീവ്രവാദികളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നതിന് 12 ലക്ഷം രൂപ ലഭിച്ചെന്ന് ചോദ്യം ചെയ്യലിൽ ദേവീന്ദർ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. അറസ്റ്റിനെ തുടർന്ന് ശ്രീനഗറിലുള്ള വേദീന്ദറിെൻറ വസതിയിൽ നടത്തിയ റെയ്ഡിൽ ഗ്രനേഡുകളും തോക്കുകളും പിടിച്ചെടുത്തിരുന്നു.