പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണം -മമത ബാനർജി
text_fieldsകൊൽക്കത്ത: മുഹമ്മദ് നബിക്കെതിരെ രണ്ട് ബി.ജെ.പി വക്താക്കളുടെ പ്രസ്താവന വിദ്വേഷ പ്രസംഗമാണെന്നും കുറ്റാരോപിതരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരം പ്രസ്താവനകൾ അക്രമം അഴിച്ചുവിടുന്നതോടൊപ്പം സാമൂഹിക വിഭജനവും നടത്തുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി പറഞ്ഞു.
പ്രകോപന സാഹചര്യങ്ങളിലും എല്ലാ മതവിഭാഗത്തിൽപെട്ടവരും സമാധാനം പുലർത്തണമെന്ന് മമത ആഹ്വാനം ചെയ്തു.
ബി.ജെ.പി വക്താവ് നൂപുർ ശർമയും, ഡൽഹി മാധ്യമ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലും പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ ലോകവ്യാപക പ്രതിഷേധമാണ് ഉയർന്നത്. ബി.ജെ.പി നവീൻകുമാർ ജിൻഡാലിനെ പുറത്താക്കുകയും നൂപുർ ശർമയെ സസ്പെൻഡും ചെയ്തിരുന്നു.
ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക, ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക, പൊതുദ്രോഹ പ്രസ്താവനകൾ നടത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.