‘ഒരുകോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം’ -ആഗ്രഹം പങ്കുവെച്ച് വ്യാപാരി ജീവനൊടുക്കി
text_fieldsഭോപാൽ: മധ്യപ്രദേശിൽ ടെക്ൈസ്റ്റൽ വ്യാപാരി ഭാര്യയെ കൊന്നശേഷം സ്വയം വെടിവെച്ച് മരിച്ചു. ധ്യപ്രദേശ് പന്ന സ്വദേശിയായ സഞ്ജയ് സേഠാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയില ആത്മഹത്യ ചെയ്തത്. സംഭവ സ്ഥലത്തു നിന്ന് ആത്മഹത്യാകുറിപ്പും സേഠ് ചിത്രീകരിച്ച വിഡിയോയും ലഭിച്ചിട്ടുണ്ട്.
ബഗേശ്വർ ധാം ഭക്തനായ സഞ്ജയ് ആത്മഹത്യ ചെയ്യുന്നതിന് ഗുരുജിയോട് മാപ്പക്ഷേിക്കുന്നുമുണ്ട്. ഗുരുജി എനിക്ക് മാപ്പ് തരൂ. ഇനിയൊരു ജന്മമുണ്ടെങ്കിൽ അവിടുത്തെ ഭക്തനായി മാത്രം ജീവിച്ചു തീർക്കും എന്നാണ് എഴുതിയത്.
മരണത്തിന് മുമ്പ് ചിത്രീകരിച്ച വിഡിയോയിൽ കടം വാങ്ങിയ ശേഷം പണം തിരിച്ചു നൽകാത്ത ആളുകളുടെ പേരും അദ്ദേഹം കരഞ്ഞുകൊണ്ട് പറയുന്നുണ്ട്. ‘പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം. മകളുടെ കല്യാണം 50 ലക്ഷം-ഒരു കോടി രൂപ ചെലവഴിച്ച് നടത്തണം. അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്. ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല. അതിനാൽ ഞാനും ഭാര്യയും പോകുന്നു. മക്കൾ ക്ഷമിക്കുക’ -സഞ്ജയ് സേഠ് പറയുന്നു.
വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് സഞ്ജയിയെയും ഭാര്യ മീനുവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മുകളിൽ നിന്ന് വെടിയൊച്ച കേട്ടാണ് വീട്ടിലെ മറ്റ് ബന്ധുക്കൾ റൂമിലെത്തിയത്. അപ്പോഴേക്കും മീനു മരിച്ചിരുന്നു. സഞ്ജയ്ക്ക് ശ്വാസമുണ്ടായിരുന്നെങ്കിലും ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരിച്ചു.
കുടുംബ കലഹമാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പന്ന പൊലീസ് സൂപ്രണ്ട് ധർമരാജ് മീണ പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷണ വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.