ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണത്തിലും ബാലാക്കോട്ട് തിരിച്ചടിയിലും സന്തോഷം പ്രകടിപ്പിച്ച് റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമി നടത്തിയ വാട്സാപ് ചാറ്റുകൾ പുറത്തുവന്നതോടെ അദ്ദേഹം ദേശഭക്തനാണെന്ന പ്രസ്താവനയുമായി രാഹുൽ ഈശ്വർ. ബാര്‍ക് സി.ഇ.ഒ പാര്‍ഥ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളിലുള്ള രാജ്യസുരക്ഷയെ ബാധിക്കുന്ന പരാമർശങ്ങൾ ചോർന്നതിനു പിന്നാലെയാണ് രാഹുൽ ഇൗശ്വർ പിന്തുണ പ്രഖ്യാപിച്ചത്. 12 വർഷമായി തനിക്ക് അര്‍ണബ് ജിയെ അറിയാമെന്നും ദേശഭക്തനായ അദ്ദേഹം രാജ്യത്തിന് എതിരെ ഒന്നും ചിന്തിക്കുകപോലും ചെയ്യില്ലെന്നും രാഹുല്‍ ട്വീറ്റിൽ പറഞ്ഞു.
'അര്‍ണബ് ഗോസ്വാമിജിയെ 12 വര്‍ഷമായി അറിയാം. മാതൃരാജ്യമായ ഇന്ത്യയെ സ്‌നേഹിക്കുന്ന ദേശഭക്തനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ നിരവധി നിലപാടുകളോട് ഞാന്‍ ശക്തമായി വിയോജിക്കുന്നു. എന്നാല്‍, നമ്മുടെ രാജ്യത്തിന് മോശമാകുന്ന ഒരു കാര്യവും ശ്രീ അര്‍ണബ് ചിന്തിക്കുക പോലുമില്ല' - എന്നാണ് രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ ട്രസ്റ്റ് അര്‍ണബ്, സ്റ്റേ സ്ട്രാങ് എന്നീ ഹാഷ്ടാഗുകളോടെയാണ് രാഹുല്‍ കുറിപ്പ് പങ്കുവച്ചത്.
പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് ബാർക് സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയോട് അർണബ് പറയുന്നത്. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്ന വാട്‌സാപ്പ് ചാറ്റിലാണിത് പറയുന്നത്.
ചാറ്റ് ചോർന്നതോടെ 'ആന്‍റി നാഷനൽ ബി.ജെ.പി അർണബ്' എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തിയിരുന്നു. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് അടക്കമുള്ള പാർട്ടികളും പ്രതിപക്ഷനേതാക്കളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്