ടോൾപ്ലാസയിൽ തർക്കം; സൈനികനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; ടോൾ ബൂത്ത് ജീവനക്കാർ അറസ്റ്റിൽ -വിഡിയോ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ മീറത്തിൽ ടോൾ പിരിവുകേന്ദ്രത്തിലെ നീണ്ട ക്യൂ ചോദ്യം ചെയ്ത സൈനികനും ബന്ധുവിനും ടോൾ ജീവനക്കാരുടെ ക്രൂര മർദനം. അവധി കഴിഞ്ഞ് ശ്രീനഗറിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനായി ന്യൂഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടയിലാണ് രജപുത് റെജിമെന്റിലെ സൈനികനായ കപിൽ കവാദ് മീറത്തിലെ ഭുനി ടോൺ ബൂത്തിൽ കുടുങ്ങിയത്. തിരക്കേറിയ ടോൾബൂത്തിൽ നീണ്ട വാഹന നിരയുമായി പിരിവ് തുടരുന്നതിനിടയിൽ ഇത് ചോദിക്കാനായി കാറിൽ നിന്നിറങ്ങിയതായിരുന്നു കപിൽ. വിമാനത്താവളത്തിലെത്തിച്ചേരാൻ വൈകുമെന്നും വേഗത്തിൽ കടത്തിവിടണമെന്നും സൈനികൻ ആവശ്യപ്പെട്ടതോടെ തർക്കം ആരംഭിക്കുകയായിരുന്നു. സംഘർഷത്തിലേക്ക് നീങ്ങിയതോടെ അഞ്ച് ടോൾ ബൂത്ത് ജീവനക്കാർ സൈനികനെയും ബന്ധുവിനെയും കെട്ടിയിട്ട് വടിയും കമ്പിയും ഉപയോഗിച്ച് മർദനം ആരംഭിച്ചു.
സൈനികനെ മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു വീഡിയോ ദൃശയങ്ങളും പ്രചരിച്ചു. സൈനികന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. രണ്ടു സംഘങ്ങളായി ചേർന്ന് ശേഷിക്കുന്നവരെ കൂടി ഉടൻ അറസ്റ്റു ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ടോൾ ഇളവ് അനുവദിച്ച സമീപ ഗ്രാമക്കാരനാണ് താനെന്ന് അവകാശപ്പെട്ട് സൈനികൻ ടോൾ ബൂത്ത് ജീവനക്കാരുമായി തർക്കിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

