മേജർ ഗോഗോയിക്കെതിരെ അച്ചടക്ക നടപടിക്ക് സൈനിക കോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: കശ്മീരി യുവതിയുമായി ഹോട്ടലിലെത്തിയ സംഭവത്തിൽ മേജർ നിഥിൻ ലീതുൾ ഗോഗോയിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സൈനിക കോടതി ഉത്തരവ്. ബഡ്ഗാമിലെ ഹോട്ടലിൽ 18കാരിയെ കൊണ്ടുവന്ന സംഭവം പൊലീസ് അറസ്റ്റിൽ കലാശിച്ചതാണ് ഗോഗോയിക്കെതിരെ സൈനിക കോടതിയുടെ വിചാരണക്ക് വഴിവെച്ചത്. വിചാരണയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ അച്ചടക്ക നടപടി സ്വീകരിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ മേയിൽ പെൺകുട്ടിയുമായി ഹോട്ടലിലെത്തിയ മേജർ ഗോഗോയി മുറി തരാൻ ആവശ്യപ്പെട്ടെങ്കിലും ഐഡന്‍റിറ്റി വെളിപ്പെടുത്താത്ത സാഹചര്യത്തിൽ ഹോട്ടൽ അധികൃതർ തയാറായില്ല. താമസസൗകര്യം നിഷേധിച്ചത് മേജറുമായി വാക്കുതർക്കത്തിൽ എത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് മേജറെ അറസ്റ്റ് ചെയ്യുകയും വിവരം സൈനിക യൂണിറ്റിൽ അറിയിക്കുകയും ചെയ്തു. കൂടാതെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മേജറും പെൺകുട്ടിയും ഹോട്ടലിൽ എത്തിയതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ, രഹസ്യ വിവരങ്ങൾ കൈമാറാനാണ് യുവതി എത്തിയതെന്നാണ് മേജർ ഗോഗോയി വിശദീകരിച്ചത്.
2017 ഏപ്രിലിൽ ബഡ്ഗാമിൽ ഫാറൂഖ് അഹമ്മദ് ധർ എന്ന കശ്മീരി യുവാവിനെ സേനാ വാഹനത്തിന് മുന്നിൽകെട്ടി മനുഷ്യ കവചമാക്കാനുള്ള നടപടിക്കു നേതൃത്വം നൽകിയത് മേജർ ലീതുൾ ഗോഗോയിയായിരുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും സൈനികരുടെയും ജീവൻ രക്ഷിക്കാനാണ് യുവാവിനെ ജീപ്പിനു മുന്നിൽ കെട്ടിയിട്ടത് എന്നായിരുന്നു മേജർ ഗോഗോയി വിശദീകരിച്ചത്.
സൈന്യത്തിന്‍റെ നടപടി രാജ്യത്ത് വലിയ പ്രതിഷേധത്തിനും വാർത്തകൾക്കും വഴിവെച്ചിരുന്നു. എന്നാൽ, മേജർ ഗോഗോയിയെ സേനാ ബഹുമതി നൽകി കരസേനാ മേധാവി ആദരിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
