അക്കാദമിക് വിദഗ്ധരെന്ന് നടിച്ച് വിവരശേഖരണം: തന്ത്രപ്രധാന വിവരങ്ങൾ ചൈനീസ് ഏജന്റുമാർക്ക് ചോർത്തി നൽകി, മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കെതിരെ കേസ്
text_fieldsശ്രീനഗർ: രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങൾ ചൈനീസ് ഏജന്റുമാർക്ക് ചോർത്തി നൽകിയതിന് മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യക്കെതിരേ പൊലീസ് കേസെടുത്തു. ജമ്മുവിലെ ഗാന്ധി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന തെലങ്കാന സ്വദേശിനിക്കെതിരേയാണ് ജമ്മു കശ്മീർ പൊലീസ് കേസെടുത്തത്. അതേസമയം, ഇവരുടെ പേരോ മറ്റുവിശദാംശങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അക്കാദമിക് രംഗത്തെ വിദഗ്ധരെന്ന വ്യാജേനയാണ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയിൽനിന്ന് വിവരം ചോർത്തിയെന്ന് പൊലീസ് പറഞ്ഞു. അക്കാദമിക് രംഗത്തെ വിദഗ്ധരെന്ന് പരിചയപ്പെടുത്തി ചൈനീസ് ഏജന്റുമാർ ഇവരിൽനിന്ന് ലേഖനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. പരിസ്ഥിതി, ഭൗമരാഷ്ട്രീയ വിഷയങ്ങളിലായിരുന്നു ആദ്യം ലേഖനങ്ങൾ ആവശ്യപ്പെട്ടത്. പിന്നീട് ഇത് പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്ക് വഴിമാറി. ഇത്തരത്തിൽ തന്ത്രപ്രധാനമായ പല വിവരങ്ങളും രേഖകളും ചിത്രങ്ങളും ഡേറ്റകളും ചൈനീസ് ചാരന്മാർ ചോർത്തിയതായും പൊലീസ് പറഞ്ഞു.
ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്റുമാർ ഒരുക്കിയ കെണിയിൽ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ വീണുപോയെന്നാണ് പൊലീസ് പറയുന്നത്. രഹസ്യാന്വേഷണ ഏജന്റുമാരുടെ നിർദേശപ്രകാരം ഇവർ പലവിവരങ്ങളും കൈമാറിയതായും പൊലീസ് പറഞ്ഞു. അതേസമയം, എന്തെല്ലാം വിവരങ്ങളാണ് പ്രതി ശേഖരിച്ച് കൈമാറിയതെന്നും ഇതുസംബന്ധിച്ച വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യ എങ്ങനെയാണ് വിദേശ ചാരന്മാരുമായി ബന്ധപ്പെട്ടതെന്നതടക്കം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

