അധിക ലഗേജിന് പണമടക്കാൻ ആവശ്യപ്പെട്ടു; വിമാനത്താവളത്തിൽ സൈനിക ഓഫിസറുടെ പരാക്രമം; മർദനത്തിൽ ജീവനക്കാരുടെ നടുവൊടിഞ്ഞു -വിഡിയോ
text_fieldsശ്രീനഗർ: ശ്രീനഗർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൈനിക ഉദ്യോഗസ്ഥന്റെ പരാക്രമം. ഡൽഹിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രചെയ്യാനെത്തിയ സൈനിക ഉദ്യോഗസ്ഥനോട് അധിക ലഗേജിന് പണം അടക്കാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് അക്രമം അഴിച്ചുവിട്ടത്. ജൂലൈ 26ന് നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ സൈനികന്റെ പരാക്രമം നാടറിഞ്ഞു. വിമാനത്താവളത്തിലെ സൂചനാ ബോർഡ് എടുത്ത് കൗണ്ടർ സ്റ്റാഫ് ഉൾപ്പെടെ ജീവനക്കാരെ നടുവിനും, മുഖത്തുമായി ഇയാൾ പൊതിരെ തല്ലുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ നട്ടെല്ലിന് പരിക്കേറ്റ് ബോധരഹിതനായി വീണു. മറ്റൊരാൾക്ക് മുഖത്തും താടിയെല്ലിനും ശരീരത്തിലും പരിക്കേറ്റു.
സംഭവത്തെ കുറിച്ച് സ്പൈസ് ജെറ്റ് അധികൃതർ നൽകുന്ന വിശദീകരണം ഇങ്ങനെ -അനുവദനീയമായ ഏഴ് കിലോ കാബിൻ ബാഗേജിന് പകരം രണ്ട് ബാഗുകളിലായി 16 കിലോയുമായാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ യാത്രചെയ്യാൻ വന്നത്. അധിക ലഗേജിന് പണമടക്കണമെന്ന് വിമാന ജീവനക്കാർ താഴ്മയോടെ അപേക്ഷിച്ചുവെങ്കിലും അദ്ദേഹം നിരസിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തന്നെ എയ്റോബ്രിഡ്ജിലേക്ക് പ്രവേശിക്കാനായി ശ്രമം. വ്യോമയാന നടപടികൾക്ക് വിരുദ്ധമായ ഈ നീക്കത്തിൽ നിന്നും അദ്ദേഹത്തെ തടയുകയും, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ പിന്തിരിപ്പിക്കുകയും ചെയ്തു. ഗേറ്റിലെത്തിയ ഇദ്ദേഹം ശബ്ദമുയർത്തുകയും, വിമാന കമ്പനി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ആരംഭിക്കുകയുമായിരുന്നു. ഉടൻ തന്നെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇടപെട്ട് പിടിച്ചുമാറ്റി രംഗം ശാന്തമാക്കി.
മർദനത്തിൽ താഴെ വീണ ജീവനക്കാരനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. നാലു ജീവനക്കാർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എയർലൈൻസ് അധികൃതർ അറിയിച്ചു.
ജീവനക്കാർക്കെതിരായ നടപടിയെ ശക്തമായ അപലപിക്കുന്നതായും, യാത്രക്കാരനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സ്പൈസ് ജെറ്റ് വ്യക്തമാക്കി. ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതം വിമാന കമ്പനി പൊലീസിലും വ്യോമയാന മന്ത്രാലയത്തിലും പരാതി നൽകി. സൈനിക ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

