ന്യൂഡൽഹി: തെക്ക് പടിഞ്ഞാറൻ ഡൽഹിയിൽ കൊല്ലപ്പെട്ട സൈനിക മേജറുടെ ഭാര്യയെ പ്രതിയായ മേജർ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ട്. 3000ത്തോളം ഫോൺ വിളികളും സന്ദേശം കൈമാറലും ഇരുവരും നടത്തിയതായി പൊലീസ് കണ്ടെത്തി. കഴിഞ്ഞ ജനുവരി മുതലാണ് ഇത്രത്തോളം ഫോൺ വിളികളും സന്ദേശം അയക്കലും നടന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
2015 മുതൽ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈൽസ ദ്വിവേദിയും മേജർ നിഖിൽ ഹന്ദയും തമ്മിൽ ബന്ധമുണ്ടായിരുന്നു. ഇക്കാര്യം നിഖിൽ ഹന്ദ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. നിരവധി തവണ ഇയാൾ ഫോണിലൂടെ ഷൈൽസയുമായി ബന്ധപ്പെട്ടു. അവരുടെ കാര്യത്തിൽ നിഖിൽ ഹന്ദ സ്വാർഥത പുലർത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു.
സൈനിക മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ കഴിഞ്ഞ ദിവസമാണ് മേജർ നിഖില ഹന്ദയെ അറസ്റ്റ് ചെയ്തത്. ഡൽഹി കോടതിയുടെ ഉത്തരവ് പ്രകാരം ഇയാൾ നാലു ദിവസം പൊലീസ് കസ്റ്റഡിയിലാണ്.
2015ൽ അമിത് ദ്വിവേദി നാഗാലാൻറിലെ ദിമാപൂരിൽ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിെട ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡൽഹിയിലേക്ക് മാറിയെങ്കിലും നിഖിൽ ഷൈൽസയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. ഒരു തവണ ഷൈൽസയും നിഖിലും വിഡിയോ കോൾ ചെയ്യുന്നതിനിെട അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാൻ ശ്രമിക്കരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
എന്നാൽ, കഴിഞ്ഞ ദിവസം ഷൈൽസയെ കാണണമെന്ന് ആവശ്യപ്പെട്ട നിഖിൽ ഫിസിയോതെറാപ്പിക്കായി ആശുപത്രിയിലെത്തിയ ഷൈൽസയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിവാഹാഭ്യർഥന നടത്തുകയും അത് ഷൈൽസ നിരസിക്കുകയും ചെയ്തു. ഇതോടെ പെെട്ടന്നുണ്ടായ ദേഷ്യത്തിൽ കാറിലുണ്ടായിരുന്ന സ്വിസ് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വാഹനത്തിന് പുറത്തേക്ക് തള്ളിയിട്ട് ടയർ കയറ്റി ഇറക്കുകയുമായിരുന്നു.