ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ തീവ്രവാദികൾ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സേന തകർത്തു. പുലർച്ചെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഇന്ത്യൻ സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്.
ഉടൻതന്നെ സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയതിനെ തുടർന്ന് തീവ്രവാദികൾ പാകിസ്താൻ പ്രദേശത്തേക്ക് പിന്മാറി. മേഖലയിൽ സൈന്യം നടത്തുന്ന തിരച്ചിൽ തുടരുകയാണ്. നിയന്ത്രണരേഖയിലെ ബലാകോട്ട് ഏരിയയിൽ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി ജാഗ്രതാ നിർദേശം സൈന്യം പുറപ്പെടുവിച്ചിരുന്നു.
ബുധനാഴ്ച രജൗറി സെക്ടറിലെ നൗഷാര ജില്ലയിൽ പാകിസ്താൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ചെറിയ ആയുധങ്ങളും ഒാട്ടോമാറ്റിക് ആയുധങ്ങളും മോർട്ടാറുകളും ഉപയോഗിച്ചായിരുന്നു പാക് സേന ഇന്ത്യൻ പ്രദേശത്തേക്ക് വെടിവെപ്പ് നടത്തിയത്.