തകർത്തത് 10 യുദ്ധവിമാനങ്ങൾ, ഭീകരതയെ സഹായിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ പാകിസ്താന് ഭൂപടം മാറ്റേണ്ടി വരുമെന്നും താക്കീത്
text_fieldsന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പാകിസ്താന്‍റെ 10 യുദ്ധവിമാനങ്ങള്‍ തകർത്തെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ്. അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകർത്തതെന്നും വ്യോമസേന മേധാവി പറഞ്ഞു. 93 -ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾ നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കു ഉള്ളിൽ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുക ആയിരുന്നു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഓപറേഷൻ സിന്ദൂറിൽ ഇന്ത്യ പുലർത്തിയ സംയമനം ഇനിയുണ്ടാവില്ലെന്ന് ഇന്ത്യൻ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. ബീക്കാനെറിൽ സൈനികരെ അഭിസംബോധന ചെയ്യവെയായിരുന്നു ജനറൽ ദ്വിവേദിയുടെ പരാമർശം. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവർത്തനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യക്കായെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പാകിസ്താൻ ഭീകരതയെ സഹായിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഭൂപടം തന്നെ മാറ്റേണ്ടി വരുമെന്ന താക്കീതും കരസേന മേധാവി നൽകി. ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാന്റെ നിലപാട് ഇന്ത്യയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കിയ ജനറൽ ദ്വിവേദി, സൈനികർക്ക് പൂർണ പിന്തുണയുണ്ടെന്ന് ഉറപ്പ് നൽകി. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാൻ സൈന്യം എല്ലാ നിമിഷവും സജ്ജമാണെന്നും ജനറൽ ദ്വിവേദി വിവരിച്ചു. ഇന്ത്യൻ സൈനികരുടെ ധൈര്യത്തെ അഭിനന്ദിച്ച ജനറൽ, അതിർത്തി സുരക്ഷയുടെ പ്രാധാന്യവും ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

