Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതപ്പ്​, എമർജൻസി...

പുതപ്പ്​, എമർജൻസി ലൈറ്റ്​​, ഭക്ഷ്യ വസ്​തുക്കൾ.. രക്ഷകർക്ക്​ നന്ദിയുമായി നഞ്ചപ്പസത്രം കോളനിയിൽ സൈനികരെത്തി

text_fields
bookmark_border
പുതപ്പ്​, എമർജൻസി ലൈറ്റ്​​, ഭക്ഷ്യ വസ്​തുക്കൾ.. രക്ഷകർക്ക്​ നന്ദിയുമായി നഞ്ചപ്പസത്രം കോളനിയിൽ സൈനികരെത്തി
cancel
camera_alt

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ നഞ്ചപ്പസത്രം കോളനിവാസികൾക്ക്​ ലഫ്​. ജന. അരുൺ ഉപഹാരം നൽകുന്നു

ചെന്നൈ: ആകാശത്ത്​ നിന്ന്​ അഗ്​നിഗോളമായി താഴേക്ക്​ പതിച്ച ഹെലികോപ്​ടറിനടുത്തേക്ക്​ ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകിയവർക്ക്​ നന്ദി പറയാൻ കൈനിറയെ സമ്മാനവുമായി സൈനികരെത്തി. നീലഗിരി ജില്ലയിലെ കാ​ട്ടേരി നഞ്ചപ്പസത്രം കോളനിയിലാണ്​ പുതപ്പ്​, സൗരോർജത്തിൽ പ്രവൃത്തിക്കുന്ന എമർജൻസി വിളക്കുകൾ​, ഭക്ഷ്യവസ്​തുക്കൾ എന്നിവ വിതരണം ചെയ്തത്​. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ അധികൃതരെ വിവരമറിയിച്ച കോളനിയിലെ കൃഷ്​ണസാമി, ചന്ദ്രകുമാർ എന്നിവർക്ക്​ 5,000 രൂപ വീതം പാരിതോഷികവും നൽകി.


സൈനിക മേധാവി ബിപിൻ റാവത്​​ ഉൾപ്പെടെ 13 പേർ മരണപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെങ്കിലും ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്​ കോളനിവാസികളുടെ ഇടപെടലാണ്​. ഇതിനുള്ള നന്ദിസൂചകമായി നഞ്ചപ്പസത്രം കോളനിയെ വ്യോമസേന ഒരു വർഷത്തേക്ക്​ ദത്തെടുക്കുമെന്ന്​ ദക്ഷിണ ഭാരത്​ ഏരിയ കമാൻഡിങ്​ ജനറൽ ഓഫിസർ ലഫ്​. ജനറൽ എ. അരുൺ പ്രഖ്യാപിച്ചു. തിങ്കളാഴ്​ച വെല്ലിങ്​ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ്​ ഗ്രൗണ്ടിൽ നടന്ന ആദരിക്കൽ ചടങ്ങിലാണ്​ ഇക്കാര്യം അറിയിച്ചത്​.

'ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ കെടുത്താനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ഇവർ മുന്നോട്ടുവന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഇൗ ഗ്രാമത്തിലെ ജനങ്ങളാണ്' - അദ്ദേഹം പറഞ്ഞു.

നഞ്ചപ്പസത്രം കോളനി സന്ദർശിച്ച അരുൺ, മുഴുവൻ കുടുംബങ്ങൾക്കും അരിയും മറ്റു നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്​തു. മാസന്തോറും കോളനിയിൽ ആരോഗ്യ പരിശോധന ക്യാമ്പ്​ സംഘടിപ്പിക്കുമെന്നും ലഫ്​. ജനറൽ പ്രഖ്യാപിച്ചു. ഗ്രാമവാസികൾക്ക്​ ചികിത്സയ്ക്കായി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ സൗകര്യമൊരുക്കും.

ഹെലികോപ്ടർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസ്, അഗ്​നിശമന വിഭാഗം ജീവനക്കാർ, വനം ജീവനക്കാർ, മറ്റു വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, സൈനിക ഉദ്യോഗസ്ഥർ, ആംബുലൻസ്​ ഡ്രൈവർമാർ തുടങ്ങിയവരെ ചടങ്ങിൽ പൊന്നാട അണിയിച്ച്​ ആദരിച്ചു.

അതിനിടെ, കോളനിയുടെ പേര് ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഗ്രാമവാസികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി. ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bipin Rawatmilitary chopper crash
News Summary - Army adopts Coonoor nanjappa satram where Bipin Rawat's chopper crashed
Next Story