ചിക്കമഗളൂരു വനത്തിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തു
text_fieldsചിക്കമഗളൂരു കൊപ്പയിലെ വനമേഖലയിൽനിന്ന് കണ്ടെടുത്ത ആയുധങ്ങൾ
ബംഗളൂരു: ചിക്കമഗളൂരു വനത്തിൽ നടത്തിയ തിരച്ചിലിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. കൊപ്പ താലൂക്കിലെ കിത്തലെഗുളി വനമേഖലയിൽനിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്.
ഒരു എ.കെ 56 റൈഫിൾ, രണ്ട് 303 തോക്കുകൾ, ഒരു 12 ബോർ എസ്.ബി.ബി.എൽ ഗൺ, ഒരു നാടൻ തോക്ക്, 176 തിരകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവ കീഴടങ്ങിയ മാവോവാദികൾ ഉപേക്ഷിച്ചതാണോ എന്നത് സംബന്ധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ചിക്കമഗളൂരു എസ്.പി വിക്രം അമാത്തെ പറഞ്ഞു. ചില ആയുധങ്ങളിൽ മാവോവാദികളുടേതെന്ന് കരുതുന്ന ചിഹ്നങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂയെന്നും എസ്.പി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജയപുര പൊലീസ് ഇൻസ്പെക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ആയുധനിയമത്തിലെ മൂന്ന്, ഏഴ്, 25 (ഒന്ന് ബി), 25 (ഒന്ന് എ) വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ വസതിയായ ‘കൃഷ്ണ’യിലെത്തിയാണ് മാവോവാദികളായ വയനാട് മക്കിമല സ്വദേശിനി ടി.എൻ. ജീഷ, തമിഴ്നാട് സ്വദേശി വസന്ത്, ചിക്കമഗളൂരു ശൃംഗേരി മുന്ദഗാരു സ്വദേശിനി മുണ്ടുഗാരു ലത, കാലസ ബലഹോളെ സ്വദേശിനി വനജാക്ഷി, ദക്ഷിണ കന്നട ബെൽത്തങ്ങാടി കുത്തലൂർ സ്വദേശിനി സുന്ദരി, കർണാടക റായ്ച്ചൂർ സ്വദേശി മാരേപ്പ അരോടി എന്ന ജയണ്ണ എന്നിവർ കീഴടങ്ങിയത്. ഇവരുടെ യൂനിഫോമും കീഴടങ്ങാനുള്ള സമ്മതപത്രവും മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാൽ, ആയുധങ്ങൾ വനത്തിൽ ഒളിപ്പിച്ചാണ് സംഘം കാടിറങ്ങിയത്. കീഴടങ്ങിയ മാവോവാദികൾ ആയുധങ്ങൾ കൈമാറിയിട്ടില്ലെന്നും അവ ഉപേക്ഷിച്ചതായി കരുതുന്ന വനത്തിൽനിന്ന് അവ വീണ്ടെടുക്കാൻ പൊലീസ് പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞിരുന്നു. കീഴടങ്ങിയ മാവോവാദി പ്രവർത്തകരെ ബംഗളൂരുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഇവരെ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

