സൈനിക വേഷത്തിലെത്തി വൻ ബാങ്ക് കൊള്ള; 20 കിലോ സ്വർണവും കോടി രൂപയും കവർന്നു
text_fieldsകർണാടകയിലെ വിജയപുരയിൽ കൊള്ള നടന്ന എസ്.ബി.ഐ ശാഖ
ബംഗളുരു: കർണാടകയിലെ വിജയപുരയിൽ വൻ ബാങ്ക് കൊള്ള. എസ്.ബി.ഐ ശാഖയിലാണ് ആയുധ ധാരികളായെത്തിയ മൂന്ന് പേർ ചേർന്ന് ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം വൻ കൊള്ള നടത്തിയത്. 20 കിലോ സ്വർണവും ഒരു കോടി രൂപയും അടക്കം 20 കോടിയുടെ കവർച്ച നടത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
സൈനിക വേഷമണിഞ്ഞ് ബാങ്കിനുള്ളിൽ പ്രവേശിച്ച കവർച്ചാ സംഘം തോക്കും കത്തിയും ഉൾപ്പെടെ ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ജീവനക്കാരെ ബന്ദികളാക്കിയ ശേഷം കവർച്ച നടത്തുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേരാണ് കൊള്ളക്ക് നേതൃത്വം നൽകിയത്. അതേസമയം, ഇവർ അഞ്ചു പേരുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു കവർച്ച നടന്നതെന്ന് വിജയപുര എസ്.പി ലക്ഷ്മൺ നിംബർഗി അറിയിച്ചു.
കവർച്ചാ സംഘം സഞ്ചരിച്ച വാഹനം മഹാരാഷ്ട്രയിലെ പന്തർപൂരിൽ നിന്ന് കണ്ടെത്തി. മഹാരാഷ്ട്രയിലെ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. കവർച്ച കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടത്തിൽ പെട്ടതോടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കർണാടക-മഹാരാഷ്ട്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
ബാങ്കിൽ പ്രവേശിച്ച കൊള്ള സംഘം, ജീവനക്കാരെയും ഇടപാടിനെത്തിയവരെയും ബന്ദിയാക്കി ശൗചാലയത്തിൽ പൂട്ടിയിടുകയായിരുന്നു. കൈയും വായും കെട്ടിയ ശേഷം മാനേജറെ കൊണ്ട് സ്വർണവും പണവും സൂക്ഷിക്കുന്ന ലോക്കറും, അലമാരയും തുറപ്പിച്ചാണ് കവർച്ച നടത്തിയത്. പണം എടുത്തു നൽകിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച നടന്നതെന്ന് മാനേജർ മൊഴി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

