ജലന്ധറിൽ ഇന്നലെ വീഴ്ത്തിയത് നിരീക്ഷണ ഡ്രോൺ
text_fieldsRepresentational Image
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ ഇന്നലെ സായുധസേന വീഴ്ത്തിയത് ആക്രമണ ഡ്രോൺ അല്ലെന്നും നിരീക്ഷണ ഡ്രോൺ ആണെന്നും അധികൃതർ അറിയിച്ചു. മാണ്ഡ് ഗ്രാമത്തിൽ സായുധസേന നിരീക്ഷണ ഡ്രോൺ വീഴ്ത്തിയതായി രാത്രി 9.20ഓടെ സന്ദേശം ലഭിച്ചെന്ന് ജലന്ധർ ഡെപ്യൂട്ടി കമീഷണർ ഹിമാൻഷു അഗർവാൾ പറഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അജ്ഞാത വസ്തുക്കൾ കണ്ടാൽ ഉടൻ അറിയിക്കണമെന്നും ഒരു കാരണവശാലും അവശിഷ്ടങ്ങൾക്കരികിലേക്ക് പോകരുതെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
അതിർത്തി മേഖലയിൽ വിവിധയിടങ്ങളിൽ ഇന്നലെ രാത്രിയോടെ വീണ്ടും ഡ്രോണുകൾ കണ്ടെത്തിയിരുന്നു. ജമ്മു, സാംബ, അഖ്‌നൂർ, കതുവ, പഞ്ചാബിലെ ഹോഷിയാർപൂർ, അമൃത്സർ തുടങ്ങിയ മേഖലകളിലും വെടിനിർത്തലിന് പിന്നാലെ ഇന്നലെ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. എന്നാൽ, ആക്രമണസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, വെടിനിർത്തൽ തുടരുമെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിർത്തി മേഖലകളിൽ വീണ്ടും പാക് ഡ്രോണുകൾ കണ്ടതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിവിധ വിമാനത്താവളങ്ങളിലേക്കുള്ള സർവിസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും നിർത്തി. ജമ്മു, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള സർവിസുകളാണ് റദ്ദാക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സർ, ചണ്ഡീഗഡ്, ലേ, ശ്രീനഗർ, രാജ്കോട്ട് എന്നിവിടങ്ങളിൽ നിന്നുള്ള സർവിസുകളാണ് ഇൻഡിഗോ നിർത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

