
മയക്കുമരുന്ന് കേസ്: ബോളിവുഡ് നടൻ അർജുൻ രാംപാലിനെ എൻ.സി.ബി ചോദ്യം ചെയ്യുന്നു
text_fieldsമുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് നടൻ അർജുൻ രാംപാലിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. തിങ്കളാഴ്ച അർജുൻറെ വീട്ടിൽ എൻ.സി.ബി പരിശോധന നടത്തിയിരുന്നു. തുടർന്ന് മുംബൈയിലെ എൻ.സി.ബി ഓഫിസിൽ ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
അർജുെൻറ കാമുകിയായ ഗബ്രിയേലയുടെ സഹോദരൻ അഗിസിലാവോസിനെ എൻ.സി.ബി രണ്ടാമതും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് ഗബ്രിയേലയെ ബുധനാഴ്ച എൻ.സി.ബി ചോദ്യം ചെയ്തു. കേസിൽ നേരത്തേ അഗിസിലാവോസിന് ജാമ്യം ലഭിച്ചിരുന്നു. ഇയാൾക്ക് രാജ്യാന്തര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് എൻ.സി.ബിയുടെ സംശയം.
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബോളിവുഡിലെ ലഹരിമാഫിയയിലേക്കും നീളുകയായിരുന്നു. കേസിൽ കഴിഞ്ഞ ദിവസം ബോളിവുഡ് നിർമാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാനയെ എൻ.സി.ബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഫ്ലാറ്റിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചിരുന്നു.
