സ്വത്തുതർക്കം: യുവാവ് പിതാവിനെ തലക്കടിച്ചുകൊന്നു
text_fieldsബംഗളൂരു: മാണ്ഡ്യയിൽ യുവാവ് പിതാവിനെ പാറക്കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. സുന്ധഹള്ളി ഗ്രാമത്തിലെ കെ.എൻ. നഞ്ചപ്പയാണ് (65) കൊല്ലപ്പെട്ടത്. മകൻ മഹാദേവ (40) സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
കുടുംബസ്വത്ത് മകൾക്കു മാത്രമായി നൽകാനുള്ള നഞ്ചപ്പയുടെ തീരുമാനത്തെത്തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മാണ്ഡ്യ റൂറൽ പൊലീസ് പറഞ്ഞു.
വാക്കുതർക്കം മൂത്ത് ആക്രമണത്തിന് മുതിർന്ന മകനിൽനിന്ന് രക്ഷപ്പെടാൻ നഞ്ചപ്പ പുറത്തേക്ക് ഓടിയിരുന്നു. പിന്തുടർന്ന മഹാദേവ റോഡരികിൽ കിടന്ന പാറക്കല്ലുകൊണ്ട് തലക്കടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തുടർച്ചയായുള്ള ഇടിയിൽ തല ചതഞ്ഞു. ആക്രമണം തടയാൻ ശ്രമിച്ച നഞ്ചപ്പയുടെ ഭാര്യ മഹാദേവമ്മയെ (60) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

