ഭക്ഷണമോ വെള്ളമോ ഇല്ല, മൃഗങ്ങളെപ്പോലെ; പ്രതിഷേധവുമായി യു.പിയിലെ കോവിഡ് രോഗികൾ
text_fieldsലഖ്നോ: രോഗികളെ മൃഗങ്ങളെപോലെ നോക്കുന്നു, ഭക്ഷണമോ വെള്ളമോ ഇല്ല, ഉത്തർ പ്രദേശ് പ്രയാഗ്രാജ് സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗികളുടെ പ്രതിഷേധം. കോവിഡ് രോഗികളിലൊരാൾ തങ്ങൾക്ക് നൽകുന്ന സൗകര്യങ്ങളെക്കുറിച്ച് വിവരിക്കുന്ന മൂന്ന് മിനിറ്റ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പ്രതിേഷധത്തിനായി രോഗികൾ തടിച്ചുകൂടുന്നതും ആശുപത്രിയുടെ ബോർഡും വിഡിയോയിൽ കാണാം.
‘കോവിഡ് രോഗികൾക്ക് നൽകുന്ന സൗകര്യം മൃഗങ്ങൾക്ക് നൽകുന്നപോലെ, നിങ്ങൾ ഞങ്ങളെ മൃഗങ്ങളെപ്പോലെയാണോ കാണുന്നത്. ഞങ്ങൾ മൃഗങ്ങളാണോ?. ഞങ്ങൾക്ക് വെള്ളം ആവശ്യമില്ലേ?.’ -ആശുപത്രി കെട്ടിടത്തിന് മുന്നിൽനിന്ന് കോവിഡ് രോഗികളിലൊരാൾ രോഷത്തോടെ ചോദിക്കുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ടു മണിക്കൂറിനകം ആശുപത്രിയിൽ കുടിവെള്ള സൗകര്യം ലഭ്യമാക്കി.
നിങ്ങൾക്ക് കൃത്യമായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നതും ഇല്ലെന്നും തരുന്നതെല്ലാം വേവിക്കാത്തതാണെന്നും മറുപടി പറയുന്നതും വിഡിേയായിൽ കേൾക്കാം. കോവിഡ് രോഗികളിൽ ചിലർ അധികൃതർക്ക് പണം നൽകിയാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതെന്നും പറയുന്നു.
അതേസമയം കുടിെവള്ള വിതരണം രണ്ടു മണിക്കൂറിനകം പുനസ്ഥാപിച്ചതായി പ്രയാഗ്രാജ് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു. വൈദ്യുതബന്ധം നിലച്ചതിനാലാണ് കുടിവെള്ളം ലഭ്യമല്ലാതിരുന്നതെന്നും രണ്ടു മണിക്കൂറിനകം പ്രശ്നം പരിഹരിക്കുകയുമായിരുന്നു. കോവിഡ് രോഗികൾക്ക് ശുദ്ധമായ വെള്ളം ലഭ്യമാക്കേണ്ടതിനാലാണ് കാലതാമസം നേരിട്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഉത്തർ പ്രദേശിൽ ആദ്യമായല്ല കോവിഡ് രോഗികൾ ആശുപത്രിയിലെ അസൗകര്യങ്ങൾ വിവരിച്ച് പ്രതിഷേധിക്കുന്നത്. ഇതുവരെ 19 ലധികം ആശുപത്രികളിലും ക്വാറൻറീൻ കേന്ദ്രങ്ങളിലും പ്രതിഷേധമുയർന്നിരുന്നു. വിവിധ ഇടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് കോവിഡ് രോഗികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സംസ്ഥാന ആരോഗ്യ വിഭാഗം ഉത്തരവിറക്കിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് പിന്നീട് ഉത്തരവ് പിൻവലിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
