അക്ബറും ടിപ്പുവും മഹാനാണോ?: പാഠപുസ്തകത്തെ ചൊല്ലി പോർമുഖം
text_fieldsന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ മുഗൾ ചക്രവർത്തി അക്ബറിനെയും മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താനെയും മഹാൻ എന്ന് വിശേഷിപ്പിക്കണോ എന്നത് സംബന്ധിച്ച് ബി.ജെ.പിയും കോൺഗ്രസും പോർമുഖത്ത്. ബി.ജെ.പി സർക്കാർ രാഷ്ട്രീയ താൽപര്യത്തിനായി ചരിത്രത്തെ കുടുസ്സാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ഒന്നും രണ്ടും ദിവസമല്ല മുഗൾ രാജാക്കന്മാർ ഇന്ത്യ ഭരിച്ചതെന്നും അവരുടെ കാലത്ത് ഇന്ത്യയുടെ ജി.ഡി.പി ലോകത്തിന്റെ 27 ശതമാനമായിരുന്നുവെന്നും ഇന്ത്യക്ക് സ്വർണപക്ഷി എന്ന വിളിപ്പേര് ലഭിച്ചിരുന്നുവെന്നും കോൺഗ്രസ് എം.പി ഇംറാൻ മസൂദ് പറഞ്ഞു. പാഠപുസ്തകത്തിലെ തലക്കെട്ട് മാറ്റുന്നതിലൂടെ എന്ത് നേട്ടമാണ് ലഭിക്കുകയെന്ന് അദ്ദേഹം ചോദിച്ചു.
അവസാന മുഗൾ ചക്രവർത്തിയെ ബ്രിട്ടീഷുകാർ വധിക്കുകയും മക്കളുടെ തല തളികയിൽ വെച്ച് അപമാനിക്കുകയും ചെയ്തു. അവരുടെ പിന്മുറക്കാർ ഇന്ന് കൊൽക്കത്തയുടെ തെരുവുകളിൽ പാത്രം കഴുകുകയാണ്. അന്ന് ബ്രിട്ടീഷുകാരെ സേവിച്ചവരുടെ പിന്മുറക്കാർ നിലവിൽ അധികാരം കൈയാളുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയാണ് ടിപ്പുസുൽത്താൻ രക്തസാക്ഷിയായത്. അക്ബറും ടിപ്പുവും മികച്ച ഭരണാധികാരികളായിരുന്നു-ഇംറാൻ മസൂദ് പറഞ്ഞു.
അതേസമയം, പാഠപുസ്തകത്തിലെ മാറ്റങ്ങളെ ആർ.എസ്.എസ് ന്യായീകരിച്ചു. പാഠപുസ്തകത്തിൽനിന്ന് ആരെയും നീക്കം ചെയ്തിട്ടില്ലെന്നും തലക്കെട്ടുകൾ മാറ്റുകയാണ് ചെയ്തതെന്നും നാഗ്പൂരിൽ ഓറഞ്ച് സിറ്റി സാഹിത്യോത്സവത്തിൽ ആർ.എസ്.എസ് നേതാവ് സുനിൽ അംബേകർ പറഞ്ഞു.
വിദ്യാർഥികൾ അവരുടെ ക്രൂര പ്രവൃത്തികൾ അറിയണമെന്നതിനാലാണ് നീക്കം ചെയ്യാത്തത്. പാഠപുസ്തകത്തിൽ നിരവധി നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. അടുത്ത വർഷം ഒമ്പത്, പത്ത്, 12 ക്ലാസുകളിലും കൂടുതൽ മാറ്റം വരും. ഇനി മഹാനായ അക്ബർ, മഹാനായ ടിപ്പു സുൽത്താൻ എന്ന് പറയില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതാനും വർഷങ്ങളായി ബി.ജെ.പിയുടെ താൽപര്യങ്ങൾക്കനുസരിച്ച് എൻ.സി.ഇ.ആർ.ടി നിരവധി മാറ്റങ്ങൾ പാഠപുസ്തകത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഗുജറാത്ത് കലാപം, ബാബരി മസ്ജിദ് തകർക്കൽ എന്നിവ പാഠപുസ്തകത്തിൽനിന്ന് നീക്കി. ഗാന്ധി വധം, ഗോത്ര പ്രക്ഷോഭങ്ങൾ, ദലിത്, മുസ്‍ലിം സാഹിത്യം, ഡാർവിന്റെ പരിണാമ സിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും നീക്കം ചെയ്തു.
ടിപ്പുവിനെ കടലിലെറിയൂ; പിന്തുണച്ച് അസം മുഖ്യമന്ത്രി
ന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ മുഗൾ ചക്രവർത്തി അക്ബറിന്റെയും ടിപ്പു സുൽത്താന്റെയും പേരിനൊപ്പമുള്ള ‘മഹാൻ’ വിശേഷണം ഒഴിവാക്കിയതിനെ സ്വാഗതം ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘ടിപ്പുവിനെ അടിച്ച് പുറത്താക്കൂ, കടലിലെറിയൂ’ എന്ന് അസമിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പരിഷ്കരിച്ച പാഠപുസ്തകം താൻ കണ്ടിട്ടില്ലെന്നും ഇത്തരം മാറ്റങ്ങൾ ഉണ്ടെങ്കിൽ സ്വാഗതം ചെയ്യുമെന്നും ഹിമന്ത വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

