വാസ്തുദോഷം: തെലങ്കാന മുഖ്യമന്ത്രി സെക്രട്ടേറിയറ്റ് വിട്ടു; 650 കോടി ചെലവിൽ നിർമിച്ചതാണ് പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം
text_fieldsരേവന്ത് റെഡ്ഡി
ഈ ദിവസങ്ങളിൽ, തെലങ്കാനയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ എ. രേവന്ത് റെഡ്ഡി (55) പുതിയ സംസ്ഥാന സെക്രട്ടേറിയറ്റ് കെട്ടിടത്തിലേക്ക്‍ വരുന്നില്ല. ബഞ്ചാര ഹിൽസിലെ ഉയർന്ന സുരക്ഷയുള്ള തെലങ്കാന പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽനിന്നാണ് മുഖ്യമന്ത്രി എല്ലാ ജോലികളും ചെയ്യുന്നത്. പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ചില വാസ്തുദോഷങ്ങളാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതാണിത്. 650 കോടി രൂപ ചെലവിൽ നിർമിച്ച ഈ ഏഴ് നില കെട്ടിടത്തിൽ മുഖ്യമന്ത്രിക്ക് ഉയർന്ന സുരക്ഷയുള്ള ഒരു ഓഫിസ് മുറിയുമുണ്ടെന്ന് പറയപ്പെടുന്നു.
മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസുകളും അവിടെയാണുള്ളത്. മുൻ തെലങ്കാന മുഖ്യമന്ത്രിയും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മേധാവിയുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ (കെ.സി.ആർ) ഭരണകാലത്താണ് പുതിയ കെട്ടിടം പൂർത്തിയായത്. 2023 ഏപ്രിൽ 30 ന് അദ്ദേഹം ഇത് ഉദ്ഘാടനം ചെയ്തു. എന്നിരുന്നാലും, ഡിസംബറിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു, രേവന്ത് മുഖ്യമന്ത്രിയായി.
കെ.സി.ആർ വാസ്തുശാസ്ത്രപ്രകാരമായിരിക്കണം പുതിയ സെക്രട്ടേറിയറ്റ് നിർമിക്കേണ്ടത് എന്ന് നിർദേശവും നൽകിയിരുന്നു. പഴയ സെക്രട്ടേറിയറ്റ് കെട്ടിടം വാസ്തുശാസ്ത്രമനുസരിച്ചല്ല നിർമിച്ചിരുന്നത് എന്ന് കെ.സി.ആർ വിശ്വസിച്ചിരുന്നു. അതിനാൽ തന്നെ പഴയ കെട്ടിടത്തിൽ വളരെ വിരളമായേ എത്താറുണ്ടായിരുന്നുള്ളൂ. ഏതാണ്ട് മുഴുവൻ ജോലികളും തന്റെ ക്യാമ്പ് ഓഫിസും താമസസ്ഥലവുമായിരുന്ന പ്രഗതി ഭവനിലിരുന്നാണ് ചെയ്തിരുന്നത്.
പുതിയ കെട്ടിടത്തിന്റെ പ്രധാന കവാടം ആദ്യം കിഴക്കുവശത്തായിരുന്നുവെന്നും പിന്നീട് കെ.സി.ആറിന്റെ നിർദേശാനുസരണം അത് തെക്കുകിഴക്കായി മാറ്റി സ്ഥാപിച്ചു. മുഖ്യമന്ത്രിയായതിനുശേഷം രേവന്ത് റെഡ്ഡി പുതിയ കെട്ടിടത്തിൽ വാസ്തുദോഷങ്ങളുണ്ടെന്നും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്രേ. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, പൊലീസ് കൺട്രോൾ റൂമിൽ താമസിക്കാനാണ് മുഖ്യമന്ത്രി ഇഷ്ടപ്പെട്ടത്. പ്രത്യേക പ്രതിനിധികളോ അതിഥികളോ എത്തുമ്പോൾ മാത്രമാണ് പുതിയ സെക്രട്ടേറിയറ്റിലെത്തുന്നത്.
പുതിയ കെട്ടിടത്തിൽ കെ.സി.ആറിന്റെ വിശ്വസ്തരായ നിരവധി ജീവനക്കാർ തുടരുന്നതിൽ മുഖ്യമന്ത്രിക്ക് അനിഷ്ടമുണ്ട്. തന്റെ മീറ്റിങ്ങുകളുടെ വിവരങ്ങൾ ചോരുന്നതും വർഷത്തിന്റെ തുടക്കത്തിൽ നടന്ന ഫോൺ ടാപ്പിങ് വഴി അഴിമതി വിവരങ്ങൾ പുറത്തായതും സംശയങ്ങളെ ബലപ്പെടുത്തുകയും തുടർന്ന്, രേവന്ത് പൊലീസ് കമാൻഡ് സെന്ററിലേക്ക് മാറുകയുമായിരുന്നു.കെ.സി.ആർ അഗ്നിസുരക്ഷയില്ലെന്ന കാരണങ്ങൾ പറഞ്ഞ് കോടികൾ മുടക്കിയായിരുന്നു പഴയകെട്ടിടം പൊളിച്ചുമാറ്റിയത്. കോവിഡ് കാലത്ത് സംസ്ഥാനം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന സമയത്തായിരുന്നു ഇത്തരം നിർമാണമെന്നത് കോൺഗ്രസും പ്രതിപക്ഷവും ഉയർത്തിക്കാട്ടി.ഏകദേശം 70 കോടി രൂപ ചെലവായ പദ്ധതിയെ പാഴ് ചെലവ് എന്ന് വിളിച്ച് എതിർത്തു.
2023 ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന്, ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെ.സി.ആർ പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവന്റെ പ്രധാന കവാടത്തിന്റെ ദിശ മാറ്റി. മുമ്പ്, തെലങ്കാന ഭവന്റെ പ്രധാന ഗേറ്റ് വടക്ക്-പടിഞ്ഞാറ് ദർശനമായിരുന്നു. പിന്നീട്, വടക്ക്-കിഴക്ക് ഭാഗത്ത് മറ്റൊരു ഗേറ്റ് കൂടിതുറന്നു. ഇതിനു കാരണമായത് ഗേറ്റിന് മുന്നിലെ ടി ജങ്ഷനായിരുന്നു.മൂന്നുപോയന്റുകൾ ചേരുന്നത് നെഗറ്റിവ് എനർജിയുണ്ടാക്കുമെന്നായിരുന്നു പ്രധാനകാരണമായി പറഞ്ഞിരുന്നത്. എന്തായാലും വാസ്തുവും അന്ധവിശ്വാസങ്ങളും രാഷ്ട്രീയത്തിലും കൊടികുത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

