കച്ചിൽ 5,300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
text_fieldsഅഹ്മദാബാദ്: ഗുജറാത്തിലെ കച്ചിലുള്ള ലഖാപർ ഗ്രാമത്തിൽ 5,300 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കേരളസർവകലാശാല പുരാവസ്തുപഠനവകുപ്പിലെ അസിസ്റ്റന്റ് പ്രഫസർമാരായ ജി.എസ്. അഭയൻ, ഡോ. എസ്.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഉത്‌ഖനനം നടത്തിയത്. മേഖലയിൽ പ്രാരംഭ ഹാരപ്പൻ ശവസംസ്കാര സ്ഥലത്തോടുചേർന്ന താമസസ്ഥലം കണ്ടെത്തുന്നത് ഇത് ആദ്യമാണ്.
ഗഡൂലി-ലഖാപർ റോഡിന്റെ ഇരുവശങ്ങളിലായി മൂന്ന് ഹെക്ടറിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ലഖാപറിലെ ഉത്‌ഖനനം പടിഞ്ഞാറൻ കച്ചിൽ ഹാരപ്പൻ കേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള ഉദ്യമങ്ങളുടെ തുടർച്ചയാണ്. ജുനഘട്ടിയയിൽ 2019-22 ലും പട്താ ബേതിൽ 2024ലും നടത്തിയവയുടെ തുടർച്ചയായാണ് 2025 മേയിൽ ഇവിടെ ആരംഭിച്ച ഖനനം. വലിയ കല്ലുകൊണ്ടുള്ള കെട്ടിടാവശിഷ്ടങ്ങൾ, ശവസംസ്കാരത്തെളിവുകൾ, മൺപാത്രങ്ങൾ, മുത്തുകൾ, വളകൾ തുടങ്ങിയവ കുഴിച്ചെടുത്തു. മൺപാത്രങ്ങൾ പ്രാരംഭ ഹാരപ്പൻ കാലമായ ബി.സി.ഇ 3300 മുതലുള്ളവയാണ്.
അപൂർവ പ്രീ-പ്രഭാസ് മൺപാത്രശേഖരവും ലഭിച്ചു. പ്രാരംഭ ഹാരപ്പൻ ജനതക്ക് പ്രാദേശിക ചെമ്പ്-ശിലായുഗ സമൂഹങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവയാണ് പ്രത്യേക രൂപമുള്ള ഈ പാത്രങ്ങളെന്ന് ഗവേഷകർ പറഞ്ഞു. കണ്ടൽക്കാടുകൾ ആധിപത്യം പുലർത്തുന്ന ഒരു ഭൂപ്രകൃതിയിൽ അധിവസിച്ചിരുന്ന ആദ്യകാല സമൂഹങ്ങൾ ഷെൽ സ്പീഷീസുകളെ (മുത്തുച്ചിപ്പികളും ഗ്യാസ്ട്രോപോഡുകളും പോലുള്ള ബിവാൾവുകളും) പ്രധാന ഭക്ഷണ സ്രോതസ്സായി ആശ്രയിച്ചിരുന്നെന്നും പഠനം വ്യക്തമാക്കുന്നു. കേരള സർവകലാശാലയുടെ സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

