അരാവലി ഖനനം: പരിശോധനക്ക് വിദഗ്ധ സമിതി രൂപവത്കരിക്കുമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അരാവലി മലനിരകളിലെ അനധികൃത ഖനനവും, അനുബന്ധ പ്രശ്നങ്ങളും സമഗ്രമായി പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സമിതിയിൽ ഉൾപ്പെടുത്താനുള്ള വിദഗ്ധരുടെ പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടു. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് സമിതി പ്രവർത്തിക്കുകയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വിപുൽ പഞ്ചോലിയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ ഭാഗമാകാൻ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും വനമേഖല വിദഗ്ധരുടെയും പേരുകൾ സമർപ്പിക്കാൻ അമിക്കസ് ക്യൂറി കെ. പരമേശ്വർ, അഡീഷനൽ സോളിസിറ്റർ ജനറൽമാരായ ഐശ്വര്യ ഭാട്ടി, കെ.എം. നടരാജ് എന്നിവരോടും മറ്റ് അഭിഭാഷകരോടുമാണ് ബെഞ്ച് ആവശ്യപ്പെട്ടത്. അരാവലി മലനിരകളുടെ നിർവചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും, മേഖലയിലെ ഖനനംമൂലം ഉളവാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് സമിതി പരിശോധിക്കുക.
നേരത്തേ, അരാവലി മലനിരകളുടെ നിർവചനം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് ഇതേ കോടതി സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഉത്തരവ് വീണ്ടും നീട്ടിയിട്ടുണ്ട്. കഴിഞ്ഞ നവംബർ 20ന് അരാവലി കുന്നുകളുടെയും മലനിരകളുടെയും ഏകീകൃത നിർവചനം കോടതി അംഗീകരിച്ചിരുന്നു. വിദഗ്ധരുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയിലൂടെ കടന്നുപോകുന്ന മേഖലയിലെ പുതിയ ഖനന പാട്ടങ്ങൾക്കുള്ള അനുമതി നിഷേധിക്കുകയും ചെയ്തിരുന്നു. നിർവചനം സംബന്ധിച്ച ഉത്തരവ്, ചില ഗുരുതരമായ അവ്യക്തതകൾ പരിഹരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബർ 29നാണ് സ്റ്റേ ചെയ്തത്.
മിക്ക മേഖലകളിലും അനധികൃത ഖനനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ട കോടതി, രാജസ്ഥാൻ സർക്കാറിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജനിൽനിന്ന് ഇനി അതനുവദിക്കില്ലെന്ന ഉറപ്പ് രേഖാമൂലം വാങ്ങി. ചില ഖനന പാട്ടങ്ങൾ അനുവദിക്കുന്നതിനെ രാജസ്ഥാനിലെ കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രനും എതിർത്തു. അരാവലി മലനിരകൾക്ക് കൃത്യമായ നിർവചനം നൽകുക അസാധ്യമാണെന്ന് മറ്റൊരു ഹരജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

