രാഷ്ട്രീയം മടുത്തു; ചന്ദ്രബാബു നായിഡുവിനെതിരെ വൈ.എസ്.ആർ കോൺഗ്രസ് കരുവാക്കിയ അല്ല രാമകൃഷ്ണ റെഡ്ഡി രാജിവെച്ചു
text_fieldsഹൈദരാബാദ്: മംഗളഗിരി എം.എൽ.എയും വൈ.എസ്.ആർ കോൺഗ്രസ് നേതാവുമായ അല്ല രാമകൃഷ്ണ റെഡ്ഡി രാജിവെച്ചു. വൈ.എസ്.ആർ കോൺഗ്രസ് വിട്ട അദ്ദേഹം എം.എൽ.എ സ്ഥാനവും രാജിവെച്ചു. ഇന്നത്തെ രാഷ്ട്രീയത്തിന് അനുയോജ്യമായ ഒരാളല്ല താനെന്നാണ് അദ്ദേഹം രാജിക്ക് കാരണമായി പറഞ്ഞത്.
വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച മുതൽ രാമകൃഷ്ണ റെഡ്ഡി എം.എൽ.എ പദവിയൊഴിയുന്ന എന്നാണ് സ്പീക്കർ തമ്മിനേനി സീതാറാം അറിയിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ചന്ദ്രബാബു നായിഡു അടക്കമുള്ള തെലുഗുദേശം പാർട്ടി നേതാക്കൾക്കെതിരായ വൈ.എസ്.ആർ കോൺഗ്രസിന്റെ തുറുപ്പുചീട്ടായിരുന്നു ഇദ്ദേഹം. ചന്ദ്രബാബു നായിഡുവിനെതിരെ നിരവധി കേസുകളാണ് റെഡ്ഡി ഫയൽ ചെയ്തത്.
വൈ.എസ്.ആർ കോൺഗ്രസിന്റെ ടിക്കറ്റിൽ 2014ലാണ് റെഡ്ഡി എം.എൽ.എയായത്. തനിക്ക് മത്സരിക്കാൻ അവസരം തന്നതിന് പാർട്ടി തലവനും മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്ക് നന്ദിയറിക്കുകയും ചെയ്തു.''ഇന്നത്തെ പോലുള്ള രാഷ്ട്രീയത്തിന് അനുയോജ്യനായ വ്യക്തിയല്ല ഞാനെന്ന് തോന്നുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം.''-എന്നായിരുന്നു രാജിയെ കുറിച്ച് ഇദ്ദേഹത്തിന്റെ വിശദീകരണം.
1995ലാണ് റെഡ്ഡി രാഷ്ട്രീയത്തിലെത്തിയത്. 2004 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റ് നൽകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല. രാജശേഖരറെഡ്ഡിയുടെ മരണശേഷം 2011ൽ വൈ.എസ്.ആർ കോൺഗ്രസിൽ ചേർന്നു. അന്നുമുതൽ ജഗൻമോഹൻ റെഡ്ഡിയുടെ വിശ്വസ്തനായി.
2019ൽ റെഡ്ഡി ടി.ഡി.പി നേതാവും ചന്ദ്രബാബു നായിഡുവിന്റെ മകനുമായ നാര ലോകേഷിനെ 5000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. രാജിക്കു പിന്നിൽ റെഡ്ഡിയുടെ വ്യക്തിപരമായ കാരണങ്ങൾ മാത്രമാണെന്നും പാർട്ടിക്ക് പങ്കിലെന്നും വൈ.എസ്.ആർ കോൺഗ്രസ് വ്യക്തമാക്കി. പാർട്ടിയുടെ വിശ്വസ്തനായ അദ്ദേഹം പ്രശ്നങ്ങൾ ഉത്തരവാദപ്പെട്ടവരുമായി പങ്കുവെക്കണമായിരുന്നുവെന്നും വൈ.എസ്.ആർ നേതാവും മുൻ എം.എൽ.എയുമായ കണ്ടരു കമല അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

